ആനുകൂല്യത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉടന്‍ തയ്യാറാക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: ജില്ലയില്‍ പ്രളയബാധിത ആനുകൂല്യത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉടന്‍ തയാറാക്കണമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശം നല്‍കി. പ്രളയ ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിത മേഖലകളില്‍ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ചുമതല ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കായിരിക്കും. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതു മൂലം ഏതെങ്കിലും സ്ഥലത്ത് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ പഞ്ചായത്ത് സെക്രട്ടറിക്കായിരിക്കും ഉത്തരവാദിത്വം. വാട്ടര്‍ അതോറിറ്റിയുടെ ഉറവിടങ്ങളില്‍ നിന്നും ആവശ്യമായ ശുദ്ധജലം വിതരണത്തിന് നല്‍കും. ഇതിനു പുറമേ ഭക്ഷ്യസുരക്ഷാ വിഭാഗം അംഗീകരിച്ചു നല്‍കിയിട്ടുള്ള ഉറവിടങ്ങളില്‍ നിന്നുള്ള കുടിവെള്ളം മാത്രമേ വിതരണം ചെയ്യാവു. പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി തിളപ്പിച്ച് ആറിയ ജലം മാത്രമേ എല്ലാവരും കുടിയ്ക്കാവുയെന്നും മന്ത്രി പറഞ്ഞു. ജനവാസ മേഖലകളില്‍ എല്ലാവര്‍ക്കും പ്രയോജനകരമാകും വിധം ആദ്യ ഘട്ടത്തില്‍ 10 വീടിന് ഒരു കിണര്‍ എന്ന നിലയില്‍ ശുചീകരിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കണം. കിണര്‍ ശുചീകരണം ഗൗരവമായി എടുക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. റാന്നിയില്‍ കുടിവെള്ള ക്ഷാമമുണ്ടെന്നും കിണറുകള്‍ ശുചീകരിക്കുന്നതിന് കൂടുതല്‍ പമ്പുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇരവിപേരൂര്‍ പുതുക്കുളങ്ങരയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പന്തളം, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളില്‍ കിണര്‍ മലിനമായതു മൂലം ശുദ്ധജലം കിട്ടുന്നില്ലെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കിണര്‍ ശുചീകരണത്തിന് കൂടുതല്‍ പമ്പുകള്‍ എത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. വിതരണത്തിനായി കുടിവെള്ളം ശേഖരിക്കാവുന്ന ഉറവിടങ്ങളുടെ ലിസ്റ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top