ആനുകൂല്യങ്ങള്‍ ലഭിക്കാതെ എയ്ഡഡ് സ്‌കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗം ജീവനക്കാര്‍

മുളവൂര്‍  സതീഷ്
ശാസ്താംകോട്ട (കൊല്ലം): സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ പ്രീ-പ്രൈമറി ജീവനക്കാര്‍ക്കു യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും ഇവരെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുന്നതായും പരാതി.
988 മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ പ്രീ-പ്രൈമറി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിടിഎകളുടെ നേതൃത്വത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പ്രീ-പ്രൈമറി തുടങ്ങാനാണു സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി എയ്ഡഡ് സ്‌കൂളുകളിലെ മറ്റു ജീവനക്കാര്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കിയെങ്കിലും പ്രീ-പ്രൈമറി വിഭാഗത്തെ തഴഞ്ഞു. എയ്ഡഡ് സ്‌കൂളില്‍ പ്രീ-പ്രൈമറി തുടങ്ങാന്‍ അനുമതി നല്‍കിയിട്ടില്ല എന്ന സാങ്കേതികത്വം പറഞ്ഞാണു സര്‍ക്കാരിന്റെ ഈ അവഗണന.
മുന്‍ സര്‍ക്കാരിന്റെ കടുത്ത നിലപാടുമൂലം പിടിഎകളോ മാനേജ്‌മെന്റുകളോ പ്രീ-പ്രൈമറി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കണമെന്നു 2015ല്‍ ഹൈക്കോടതി ഉത്തരവിട്ടങ്കിലും സംസ്ഥാനത്തെ ഒറ്റ സ്‌കൂളില്‍ പോലും ഇതു നടപ്പായില്ല.
ഈ മേഖലയിലെ സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രീ-പ്രൈമറി ജീവനക്കാര്‍ക്ക് അനുകൂലമായി പ്രഖ്യാപനം ഉണ്ടാവുമെന്നു മന്ത്രിതലത്തില്‍ ചില ഉറപ്പുകള്‍ ലഭിച്ചെങ്കിലും അതും നടപ്പായില്ല. തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ആനുകൂല്യം നിഷേധിക്കപ്പെടുകയാണെന്ന് എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ ജീവനക്കാരുടേതിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top