ആനയെ പാപ്പാന്‍ അകാരണമായി മര്‍ദ്ദിക്കുന്നെന്നു പരാതി

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിലെ ആന തിരുനീലകണ്ഠനെ രണ്ടാം പാപ്പാന്‍ അകാരണമായി മര്‍ദ്ദിക്കുന്നതായി ആനപ്രേമികളുടെ പരാതി. കിഴക്കടമ്പ് ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുന്നതിനിടയില്‍ രണ്ടാം പാപ്പാന്‍ തിരുനീലകണ്ഠനെ മര്‍ദ്ദിച്ചെന്നും അവിടെയുള്ള കമ്മിറ്റിക്കാര്‍ ഇടപെട്ടാണ് മര്‍ദ്ദനം നിര്‍ത്തിയതെന്നുമാണ് ആരോപണം. മദ്യലഹരിയിലാണ് മര്‍ദ്ദനമെന്നാണു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസി. കമ്മീഷനര്‍ വെറ്ററിനറി ഡോക്ടര്‍ ബിനുഗോപിനാഥിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ആനയെ വിശദമായി പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉല്‍സവത്തിന് എഴുന്നള്ളിക്കുന്നതിനു കുഴപ്പമില്ലെന്നും റിപോര്‍ട്ട് നല്‍കി. പരാതി ഉയര്‍ന്നതിനാല്‍ രണ്ടാം പാപ്പാന്‍ വിഷ്ണുവിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് അസി. ദേവസ്വം കമ്മീഷണര്‍ മുരാരി ബാബു പറഞ്ഞു. മറ്റൊരു പാപ്പാനെ നിയോഗിക്കുമെന്നും ചിറക്കടവില്‍ അഷ്ടമി ഉല്‍സവത്തിനു തിരുനീലകണ്ഠനെ എഴുന്നള്ളിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top