ആനയെഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല:തന്ത്രിമാര്‍

തൃശൂര്‍: ക്ഷേത്രങ്ങളിലെ ഉല്‍സങ്ങളുടെ ഭാഗമായി നടത്തുന്ന ആനയെഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ലെന്നു തന്ത്രിമാര്‍. ആനപ്പുറത്ത് ദേവവിഗ്രഹങ്ങള്‍ കയറ്റി എഴുന്നള്ളിക്കണമെന്ന് തന്ത്രസമുച്ചയം അടക്കമുള്ള താന്ത്രിക ഗ്രന്ഥങ്ങളിലോ മറ്റു പ്രാമാണിക ഗ്രന്ഥങ്ങളിലോ വ്യക്തമാക്കിയിട്ടുള്ളതായി കാണുന്നില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ പ്രമുഖ തന്ത്രിമാര്‍ രേഖാമൂലം ബോര്‍ഡിനെ അറിയിച്ചു. തന്ത്രിമാര്‍ ഇതു സംബന്ധിച്ച് ബോര്‍ഡിനു നല്‍കിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം തൃശൂരിലെ ഹെറിട്ടേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സിനു ലഭിച്ചു. ആനകളെ ദേവവിഗ്രഹം വഹിക്കുവാന്‍ നിയോഗിക്കുന്നതിനു താന്ത്രികപരമായ യാതൊരു കീഴ്‌വഴക്കവുമില്ലെന്നു കുറച്ചുവര്‍ഷങ്ങളായി തന്ത്രിമാര്‍ വ്യക്തമാക്കുന്നു. എന്നാലും ദേവവിഗ്രഹമേന്തുവാന്‍ ആനകളെ ഉപയോഗിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനം ക്ഷേത്രം ഉടമയായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഇഷ്ടത്തിനു വിടുകയാവാമെന്നാണ് ചില തന്ത്രിമാരുടെ അഭിപ്രായം. അതേസമയം, ആറാട്ടുപുഴ ക്ഷേത്രത്തില്‍ ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നത് ആനപ്പുറത്താണ് എന്നത് വളരെക്കാലമായി നടന്നുവരുന്ന ഒരു ആചാരമാണ്. അത് തുടര്‍ന്നും അങ്ങനെ നടത്തേണ്ടതാണെന്നാണ് ക്ഷേത്രം തന്ത്രി കെ പി ഉണ്ണി നമ്പൂതിരിയുടെ അഭിപ്രായം. എന്നാല്‍ ആനയെഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ലെന്നും ഇത്തരത്തില്‍ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഒരു പരാമര്‍ശവും താന്‍ കണ്ടിട്ടില്ലെന്നും ശൃംഗപുരം ദേവസ്വം തന്ത്രി പൂപ്പാതിയിലെ താമരശ്ശേരി മേക്കാട്ടുമന ടി എം ശങ്കരന്‍ നമ്പൂതിരി ബോര്‍ഡിനു നല്‍കിയ മറുപടിയില്‍ പറയുന്നു.

RELATED STORIES

Share it
Top