ആനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്റെ മരണം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

പാലക്കാട്: മുണ്ടൂര്‍ ഐആര്‍ടിസിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പഞ്ചായത്തിലെ വാളേക്കാട് ചെറുട്ടിയുടെ മകന്‍ പ്രഭാകരനാണ്(51) ആണ് വീട്ടിന്നടുത്ത് വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ആറോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി പ്രഭാകരന്‍ രണ്ട് കാട്ടാനകളുടെ മുന്നില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. റബ്ബര്‍തോട്ടത്തില്‍ കൂടി നടന്നുവന്ന പ്രഭാകരനെ കാട്ടാന ചവിട്ടി വീഴ്ത്തുകയായിരുന്നു. കാട്ടാന പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം മുണ്ടൂ ര്‍,പുതുപ്പരിയാരം പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ഹര്‍ത്തിലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാലക്കാട് വനം ഡിവിഷന് കീഴിലെ മുണ്ടൂര്‍ സെക്ഷന് കീഴിലാണ് സംഭവം.സിഐടിയു ലോഡിങ്ങ് തൊഴിലാളിയാണ് പ്രഭാകരന്‍.
സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹവുമായി നാട്ടുകാര്‍പാലക്കാട്  കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. രോഷാകുലരായ ജനകൂട്ടത്തെ നിയന്ത്രിക്കുവാന്‍ ഹൈവെ പോലിസും ഹേമാംബിക നഗര്‍ സിഐ പ്രേമാനന്ദ് കൃഷ്ണനും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
നാട്ടിലിറങ്ങിയ കാട്ടാനയെ നീരിക്ഷിച്ച് പ്രതിരോധിക്കുവാന്‍ മുണ്ടൂര്‍ സെക്ഷനിലെ വനപാലകരും ദ്രുതകര്‍മ സേനയും സ്ഥലത്ത് ജീവനക്കാരെ വിന്യസിച്ചു. രണ്ട് ആഴ്ചയിലധികമായി മേഖലയില്‍ കാട്ടാനശല്യമുണ്ട്.

RELATED STORIES

Share it
Top