ആനയിടഞ്ഞു: റബര്‍മരങ്ങളും വൈദ്യുതി തൂണുകളും നശിപ്പിച്ചു

ചാമംപതാല്‍: ഇളങ്ങോയി കടവില്‍ ഇന്നലെ വൈകിട്ട് ആനയിടഞ്ഞ് നാടിനെ മൂന്നു മണിക്കൂറോളം പരിഭ്രാന്തിയിലാക്കി. ഇളങ്ങോയി കടവിലെ പുരയിടത്തില്‍ തളയ്ക്കുന്നതിനായി കൊണ്ടുവന്ന ശങ്കരന്‍ കുട്ടി എന്ന ആനയാണ് വൈകിട്ട് 5.30ഓടെ  ഇടഞ്ഞത്. പാപ്പാന്മാരെ അനുസരിക്കാന്‍ കൂട്ടാക്കാത്ത കൊമ്പന്‍ പറമ്പിലെ വാഴകള്‍ ആദ്യം നശിപ്പിച്ചു. ഇളങ്ങോയില്‍ ചന്ദ്രശേഖരപിള്ളയുടെ പുരയിടത്തില്‍ തോടിന്റെ കരയില്‍ തളയ്ക്കുവാനെത്തിച്ചപ്പോഴാണ് ശങ്കരന്‍ കുട്ടി പിണങ്ങിയത്. പിന്നീട് റബര്‍മരങ്ങള്‍ തള്ളിയിട്ടു. ഇതിനിടെ വിവരമറിഞ്ഞ് ആള്‍ക്കാര്‍ എത്തി ബഹളമായതോടെ ആന കൂടുതല്‍ പരാക്രമം കാട്ടി. പ്രദേശത്തെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ആന തകര്‍ത്തതോടെ വൈദ്യുതി വിതരണം നിലച്ചു. ഇരുട്ടു പരന്നതോടെ നാടാകെ പരിഭ്രാന്തിയിലായി. മണിമലയില്‍ നിന്ന് പോലിസും മയക്കുവെടി വിദഗ്ധരും സ്ഥലത്തെത്തി. പോലിസ് നല്‍കിയ ടോര്‍ച്ച് വെളിച്ചത്തിലാണ് 7.30ഓടെ ആദ്യ മയക്കുവെടി വെച്ചത്. മയക്കുവെടി കൊണ്ടതോടെ പരാക്രമം കൂടിയ കൊമ്പന്‍ ഏതാനും റബര്‍മരങ്ങള്‍ കൂടി മറിച്ചിട്ടു. 8. 30 ഓടെ വീണ്ടും മയക്കുവെടി വച്ചു 9.20  ഓടെ ആനയെ തളക്കുകയായിരുന്നു.

RELATED STORIES

Share it
Top