ആനന്ദന്‍ വധം: എസ്എഫ്‌ഐനേതാവ് അറസ്റ്റില്‍

ഗുരുവായൂര്‍: കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ കാറിടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒളിവില്‍കഴിഞ്ഞിരുന്ന കേസിലെ അഞ്ചാംപ്രതിയായ പോരാമംഗലം എടത്തറ കുറിയേടത്ത് വീട്ടില്‍ രജീഷ്(23) ആണ് അറസ്റ്റിലായത്. ഗുരുവായൂര്‍ സിഐ ഇ ബാലകൃഷ്ണനും, സംഘവും ഇന്നലെ പുലര്‍ച്ചെ മൂന്നിന് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാണ് പിടികൂടിയത്. കൊരട്ടി പോളിടെക്‌നികിലെ എസ്എഫ്‌ഐയുടെ കോളജ് യൂനിയന്‍ ചെയര്‍മാനാണ് ഇന്നലെ പിടിയിലായ പ്രതി രജീഷ്. ആനന്ദന്‍ കൊല്ലപ്പെടുന്നതിന് തലേനാള്‍ രാത്രി ഈ കേസിലെ ഒന്നാം പ്രതി ഫായിസിന്റെ  വീട്ടില്‍വെച്ച് പോലിസ് പിടിയിലായ അഞ്ചുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായി പോലിസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ രണ്ടുപേരേകൂടി പിടികൂടാനുണ്ടെന്നും പോലിസ് പറഞ്ഞു. ഇക്കഴിഞ്ഞ 12-ന് ഉച്ചക്ക് സുഹൃത്ത് വിഷ്ണുവുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് കാറിലെത്തിയ മൂന്നംഗസംഘം നെന്മിനി ബലരാമക്ഷേത്ര ത്തിനടുത്തുവെച്ച് ആനന്ദന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയത്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് കൊല്ലപ്പെട്ട ആനന്ദന്‍. പ്രതിയെ പിടികൂടിയ സംഘത്തില്‍ ഗുരുവായൂര്‍ എസ്‌ഐ കെ അനുദാസ്, എഎസ്‌ഐ സി ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ പി എസ് അനില്‍കുമാര്‍, വസന്തകുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍ സി ജി ലിജോ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top