ആനത്താരയിലെ റോഡ് നിര്‍മാണം;സുപ്രധാന അനുമതികള്‍ നേടിയില്ല

കാട്ടിക്കുളം: സംരക്ഷിത വനമേഖലയിലൂടെയുള്ള അപ്പപ്പാറ-പനവല്ലി റോഡ് നിര്‍മാണം തുടങ്ങിയത് സുപ്രധാന അനുമതികള്‍ നേടാതെ. അതീവ സംരക്ഷിത വനമേഖലയായ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു 10 കിലോമീറ്റര്‍ ചുറ്റളവിലെ വനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രലായത്തിന്റെയും അനുമതി ആവശ്യമാണ്. അതീവ സംരക്ഷിത ആനത്താരയിലൂടെയുള്ള റോഡ് നിര്‍മാണത്തിന് ദേശീയ സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ഫോറസ്റ്റ് ലാന്റ് റിസോഴ്‌സസ് (എഫ്എല്‍ആര്‍) എപിസിസിഎഫിന്റെയും അനുമതി കൂടി വേണം. എന്നാല്‍, ഈ അനുമതിക്കായി ആരും ബന്ധപ്പെട്ട ഓഫിസുകളെ സമീപിച്ചിട്ടില്ല. സംരക്ഷിത മേഖലയിലെ നിര്‍മാണ പ്രവൃത്തികള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ആക്കംകൂട്ടുമെന്നു വനംവകുപ്പ് തന്നെ പറയുന്നു. എന്നിരിക്കെയാണ് റിസര്‍വ് വനത്തിലെ ക്രിട്ടിക്കല്‍ എലിഫന്റ് കോറിഡോറിലൂടെ രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് നവീകരണം. വനത്തിനുള്ളില്‍ താമസിക്കുന്ന 40ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് ഉപയോഗപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, നോര്‍ത്ത് വയനാട് മുന്‍ ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരിക്ക് സോളിങ് റോഡ് ടാര്‍ ചെയ്യാന്‍ പ്രപോസല്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. എന്നാല്‍, അപ്പപ്പാറ-പനവല്ലി റോഡ് കടന്നുപോവുന്ന വനമേഖലയില്‍ നിലവില്‍ ഒരു ആദിവാസി കുടുംബം പോലും താമസിക്കുന്നില്ല. റിസോര്‍ട്ട് ലോബികള്‍ക്കും ടിപ്പറുകള്‍ക്കും സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് വനത്തിലൂടെയുള്ള റോഡ് നിര്‍മാണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഗ്രാമപ്പഞ്ചായത്തിന്റെ അപേക്ഷയെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തം. ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഇതിനു കൂട്ടുനിന്നെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ഗ്രാമപ്പഞ്ചായത്ത് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍, 1970 മുതല്‍ പ്രദേശവാസികള്‍ ഉപയോഗിക്കുന്ന പാതയാണ് ഇതെന്നും മറ്റും രേഖപ്പെടുത്തി 2013 മാര്‍ച്ച് 19ന് ഡിഎഫ്ഒ മേലധികാരികള്‍ക്ക് പ്രപോസല്‍ നല്‍കി. രാജ്യത്തെ പ്രധാനപ്പെട്ട ഒമ്പത് ആനത്താരകളിലൊന്നില്‍ ഉള്‍പ്പെടുന്ന പാതയാണെന്ന കാര്യം മറച്ചുവച്ചായിരുന്നു ഡിഎഫ്ഒയുടെ നടപടി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എപിസിസിഎഫ് (വനവല്‍ക്കരണ വിഭാഗം) ഡി കെ വര്‍മ റോഡ് നിര്‍മാണത്തിന് അനുമതിയും നല്‍കി. അതിനിടെ, ഇക്കഴിഞ്ഞ ജനുവരി 13ന് ഇതേ റോഡില്‍ കലുങ്ക് നിര്‍മാണത്തിന് വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. 14,87,479 രൂപയാണ് അടങ്കല്‍. വനനിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള വനംവകുപ്പിന്റെ നടപടി ഇതുവരെ പുറംലോകമറിഞ്ഞിട്ടില്ല. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നാണ് വനപാത നവീകരണത്തിന് തുക അനുവദിച്ചത്. കാട്ടിക്കുളത്തു നിന്നു പനവല്ലി, സര്‍വാണി, പോത്തുമൂല വഴി തിരുനെല്ലിയിലേക്ക് നിലവില്‍ ബസ് സര്‍വീസ് ഉണ്ടെന്നിരിക്കെയാണ് ടാക്‌സി-സ്വകാര്യ വാഹനങ്ങള്‍ക്ക് നിരവധി കിലോമീറ്ററുകള്‍ ലാഭിക്കാവുന്ന വിധത്തില്‍ എളുപ്പവഴിയെന്ന നിലയ്ക്ക് വന്യജീവികളുടെ സൈ്വരവിഹാരം തടസ്സപ്പെടുത്തിക്കൊണ്ടുള്ള നവീകരണം. ഇതിനെതിരേ പ്രതിഷേധം വ്യാപകമായതോടെ താല്‍ക്കാലികമായി പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top