ആനക്കൊമ്പും മാന്‍കൊമ്പും പിടിച്ചെടുത്ത സംഭവം : കേസെടുത്തുകൊച്ചി: വീട്ടില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനമുട്ടികളും പിടിച്ചെടുത്ത സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ വ്യവസായിക്കെതിരേ വനം -വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ്‌കുമാര്‍ ഗുപ്ത (ബോബി ഗുപ്ത)യ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  ഇയാളുടെ വീട്ടില്‍ നിന്നും വനംവകുപ്പ് ഫഌയിങ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ രണ്ട് വലിയ ആനക്കൊമ്പ്, മാന്‍കൊമ്പ് ചന്ദന മുട്ടികള്‍, 13 ലിറ്റര്‍ വിദേശ മദ്യം എന്നിവ പിടിച്ചെടുത്തിരുന്നു. റെയ്ഡ് നടക്കുമ്പോള്‍ മനീഷ്‌കുമാര്‍ ഗുപ്ത വീട്ടില്‍ ഇല്ലായിരുന്നു. ആനക്കൊമ്പും മാന്‍കൊമ്പും സൂക്ഷിക്കുന്നതിനുളള രേഖകള്‍ ഫോറസ്റ്റ് സംഘം ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ക്ക് ഇത് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ബി ജയചന്ദ്രന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മനീഷ്‌കുമാര്‍ ഗുപ്ത ഒളിവിലാണ്. റെയ്ഡ് നടക്കുന്ന സമയത്ത് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മനീഷ്ഗുപ്തയുടെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ടു. തങ്ങളുടെ അനുവാദമില്ലാതെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരെ വീടിനുള്ളില്‍ പൂട്ടിയിട്ടത്. അതേസമയം, മനീഷ്‌കുമാര്‍ ഗുപ്ത മുന്‍കൂര്‍ ജാമ്യത്തിന് ശ്രമംതുടങ്ങി. കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ ഇയാള്‍ ഇതിനായി ബന്ധപ്പെട്ടതായി വിവരം ലഭിച്ചു. ഫോണില്‍ വിളിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരോട് കോയമ്പത്തൂരില്‍ ബിസിനസ് ആവശ്യത്തിന് കോയമ്പത്തൂരിലാണെന്നാണ് മനീഷ് ഗുപ്ത പറഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായാല്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്.

RELATED STORIES

Share it
Top