ആനക്കാംപൊയിലില്‍ വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍

താമരശ്ശേരി: തിരുവമ്പാടി ആനക്കാംപൊയിലില്‍ വേട്ടക്കെത്തിയ സംഘത്തിലെ മൂന്നുപേരെ തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്തു. നാടന്‍ തോക്കുമായി എത്തിയ കൊടുവള്ളി മാനിപുരം സ്വദേശികളായ മുഹമ്മദ്, നൗഷാദ്, വേനപ്പാറ സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്.
വേട്ടസംഘത്തിലെ പ്രധാനികളായ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി തിരുവമ്പാടി എസ്‌ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സംഘം മാവോയിസ്റ്റ് സാന്നിധ്യമുള്ള ആനക്കാംപൊയില്‍ പ്രദേശത്ത് നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് വേട്ടസംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ കെ എല്‍ 57 എസ് 1787 നമ്പര്‍ മിനി വാന്‍ പരിശോധിച്ചപ്പോഴാണ് നാടന്‍ തോക്ക് പോലിസ് കണ്ടെത്തിയത്.
അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ വേട്ടസംഘത്തിലെ പ്രധാനിയായ ആനക്കാംപൊയില്‍ സ്വദേശികളായ പ്രകാശന്‍, രതീഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. തോക്കും വാഹനവും കസ്റ്റഡിയിലെടുത്ത പോലിസ് മാനിപുരം തച്ചോട്ട് കുന്നുമ്മല്‍ മുഹമ്മദ്, പുറായില്‍ നൗഷാദ്, വേനപ്പാറ പൂവതൊടുകയില്‍ മുസ്തഫ എന്നിവരെ അറസ്റ്റ് ചെയ്തു. പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രകാശന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് എസ്‌ഐ സനല്‍ രാജ് പറഞ്ഞു.
ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സിപിഒമാരായ പ്രവീണ്‍, ജസ്റ്റിന്‍, അനീഷ്, തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളായ അജിത്ത് അഫ്താഫ് എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. പിടിയിലായ പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്—ട്രേറ്റിനുമുന്നില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES

Share it
Top