ആധുനിക സൗകര്യങ്ങളോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

പൂച്ചാക്കല്‍: പൂച്ചാക്കല്‍  മാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. മാര്‍ക്കറ്റിന് മുന്‍വശത്തെ മതില്‍, കമാനം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.  മാര്‍ക്കറ്റിന്റെ മുന്‍വശത്തുള്ള കാനയുടെ മുകളില്‍ നേരത്തെ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഉയരവും വീതിയും കൂട്ടി മഴവെള്ളം  മാര്‍ക്കറ്റിന് അകത്ത് പ്രവേശിക്കാത്ത രീതിയിലാണ്  നിര്‍മ്മിച്ചിരിക്കുന്നത്.
ചരക്കു വാഹനങ്ങള്‍ മാര്‍ക്കറ്റിന് അകത്തെക്കും പുറത്തെക്കും സുഗമമായി കടന്നു പോകുന്ന വിധത്തിലാണ് കമാനം നിര്‍മ്മിച്ചിരിക്കുന്നത്. കമാനത്തിന്റ നിര്‍മ്മാണം നടന്ന് വരുകയാണ്. മാര്‍ക്കറ്റിന്റ ഇരു വശത്തും വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ ഇറക്കാനും കയറ്റാനും സംവിധാനമുണ്ട്. മാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗം മത്സ്യ ലേലം ചെയ്ത് വില്‍പ്പന നടത്തുന്നതിനും മറു ഭാഗം പച്ചക്കറികള്‍ ലേലം ചെയ്യുന്നതിനുമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.കൂടാതെ മാര്‍ക്കറ്റിനോട് ചേര്‍ന്ന് എട്ട് കടമുറികളും നിര്‍മ്മിച്ചിടുണ്ട്.
കടമുറികളുടെ വൈദ്യുതി കരണം, വെളളം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. ഈ ജോലികള്‍ കൂടി പൂര്‍ത്തികരിച്ചാല്‍ മര്‍ക്കറ്റിന്റ ഉള്‍ഭാഗത്തെ വര്‍ക്കുകള്‍ പൂര്‍ത്തിയാകും. പച്ചക്കറികളുടെയും മത്സ്യത്തിന്റെയും അവശിഷ്ട്ടങ്ങള്‍ സംസ്‌കരിക്കുന്നതിനായി മാര്‍ക്കറ്റിനോട് ചേര്‍ന്ന്  മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിച്ചിട്ടുണ്ട്. നിലത്ത് കോണ്‍ക്രീറ്റ് കട്ടകള്‍ വിരിച്ചിരിക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ വെള്ളം ഉപയോഗിച്ച് വേഗത്തില്‍ ശുചീകരിക്കാന്‍ കഴിയും. ശുചി മുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ലോക ബാങ്ക് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന് തിരിച്ചടക്കേണ്ടാതല്ലാത്ത ഒരു കോടി രൂപയാണ് മാര്‍ക്കറ്റ് നവീകരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പൂച്ചാക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്കും വ്യാപാരികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിനു  പുറമെ  പഴയകാല പ്രതാപം നിലനിര്‍ത്തിയാണ് പുതിയ സംവിധാനങ്ങളോടെ വീണ്ടും മാര്‍ക്കറ്റ് നവീകരിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top