ആധുനിക സംവിധാനങ്ങള്‍ക്കായി സഹായം ആവശ്യപ്പെട്ട് കേന്ദ്രസംഘത്തിനു മുന്നില്‍ ഹരജി

മട്ടാഞ്ചേരി/വൈപ്പിന്‍: ഓഖി ചുഴലിക്കാറ്റില്‍ വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനിലെ ബീച്ച് ഇറോഷന്‍ ഡയറക്ട്രേറ്റ് വിഭാഗം ഡയറക്ടര്‍ ആര്‍ തങ്കമണിയുടെ നേതൃത്വത്തില്‍ കേന്ദ്ര സംഘം തോപ്പുംപടി ഫിഷറീസ് ഹാര്‍ബര്‍ സന്ദര്‍ശിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടായ നാശ നഷ്ടങ്ങള്‍ പരിഹാരം കാണുന്നതിനും മല്‍സ്യബന്ധനത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതായി ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിന് 15 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ട് ഹര്‍ജി കേന്ദ്ര സംഘത്തിനു കൈമാറി.
കൊച്ചിയില്‍ നിന്നുപോയ ഒമ്പത് ബോട്ടും 92 തൊഴിലാളികളും കണ്ടെത്താനായില്ലെന്ന് തൊഴിലാളി പ്രതിനിധികള്‍ തോപ്പുംപടി പോലിസ് സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി. ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക തിരച്ചില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. പതിനഞ്ച് കോടി രൂപ അടിയന്തമായി നല്‍ക്കണമെന്ന് അറിയിച്ചു. എങ്കിലേ തകര്‍ന്ന ബോട്ടുകള്‍, പുനര്‍നിര്‍മാണം അറ്റകുറ്റപണികള്‍, നഷ്ടപ്പെട്ട തൊഴില്‍ ഉപകരണങ്ങള്‍ വീണ്ടെടുത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോവാന്‍ സാധിക്കൂ. കൂടാതെ പ്രധാനമന്ത്രിയുടെ മരണാനന്തര സഹായം രണ്ട് ലക്ഷത്തില്‍ നിന്ന് പത്തുലക്ഷം രൂപയായി വര്‍ധിപ്പിക്കണം.
ഹാര്‍ബറുകളില്‍ ആധുനിക രജിസ്ട്രര്‍ ബുക്ക്, ഐഡന്റിറ്റി സംവിധാനം ഒരുക്കുക, എല്ലാ ബോട്ടുകളിലും ഓട്ടോമാറ്റിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഘടിപ്പിക്കുക.
സാറ്റ്‌ലൈറ്റ് സംവിധാനമുള്ള ആധുനിക വാര്‍ത്ത വിതരണ സംവിധാനം സ്ഥാപിക്കുക, ബോട്ടുകളില്‍ ലൈഫ് ബോയ്, ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍ക്കും, ബോട്ടുകളില്‍ സിഗ്‌നല്‍ (ലൈറ്റ്)നല്‍കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര സംഘത്തെ അറിയിച്ചു. വൈപ്പിന്‍ പ്രദേശത്തെ ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്ന കേന്ദ്രസംഘത്തിന്റെ മുമ്പാകെ 353.260 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് എസ് ശര്‍മ എംഎല്‍എ സമര്‍പ്പിച്ചു. ഇതുവരെയുണ്ടായ നാശനഷ്ടങ്ങള്‍, പുനരധിവാസം, വൈപ്പിന്‍ തീരത്ത് കടലാക്രമണം നേരിടുന്നതിനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ എന്നിവയടക്കമുള്ള പദ്ധതി രേഖയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ദുരന്തബാധിത മേഖല സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലും ജനപ്രതിനിധികളുടെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്മാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തും ചര്‍ച്ച ചെയ്തുമാണ് പദ്ധതി റിപോര്‍ട്ടിന് രൂപം നല്‍കിയിട്ടുള്ളതെന്ന് എംഎല്‍എ വ്യക്തമാക്കി. തുടര്‍ച്ചയായ കടല്‍ക്ഷോഭം തീരദേശവാസികളില്‍ സൃഷ്ടിക്കുന്ന ആശങ്കകളും തൊഴില്‍ നഷ്ടവും ജീവിതനിലവാരവും റിപോര്‍ട്ടിലുണ്ട്. പുലിമുട്ട്്, കടല്‍ഭിത്തി, റോഡ്, തോട് എന്നിവയുടെ നിര്‍മാണവും പുനരുദ്ധാരണവും തീരസംരക്ഷണത്തിനായുള്ള ജൈവവേലിയുടെ ആവശ്യകതയും ഇനംതിരിച്ച് റിപോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്.
വീട്, ശൗചാലയം, ജീവനോപാധികള്‍ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ പ്രത്യേകമായും പരാമര്‍ശിക്കുന്നു. പുലിമുട്ട്്, കടല്‍ഭിത്തി എന്നിവയ്ക്കായി 80.74 കോടിരൂപ, പുനരധിവാസം 50 കോടി, റോഡ്, തോട് എന്നിവയുടെ നിര്‍മാണത്തിന് 20.962 കോടി എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
വീടും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്കും ഭാഗികനഷ്ടം സംഭവിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരവും തീരദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന നിര്‍ദേശങ്ങളും ആവശ്യമായ തുകയും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ ജനതയുടെ ആരോഗ്യകരമായ ജീവിത പുനര്‍നിര്‍മാണത്തിന് സാധ്യമാകും വിധം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും പദ്ധതി റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും എംഎല്‍എ കേന്ദ്രസംഘത്തോട് അഭ്യര്‍ത്ഥിച്ചു.

RELATED STORIES

Share it
Top