ആധുനിക കോഴിക്കോടിന്റെ ശില്‍പി കനോലി സായിപ്പ് ഓര്‍മയായിട്ട് 163 ആണ്ട്‌

കെ പി മുനിര്‍

കോഴിക്കോട്: ഇന്ന് ആധുനിക കോഴിക്കോടിന്റെ ശില്‍പി കനോലി സായിപ്പിന്റെ ചരമദിനം. 15 വര്‍ഷം തുടര്‍ച്ചയായി ബ്രിട്ടീഷ് മലബാറിന്റെ അധിപനായിരുന്ന ഹെന്റ്‌റി വാലന്റയിന്‍ കോനോലി എന്ന കനോലി സായിപ്പ് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പട്ടാള ബാരക്കിലെ ബംഗ്ലാവില്‍ മാപ്പിള പോരാളികളുടെ കൈകളാല്‍ കൊല്ലപ്പെട്ടത്്്് 1855 സെപ്തംബര്‍ 11 നാണ്. കനോലി കനാലും ഇന്നും മലബാറിന്റെ അഭിമാനമായ നിലമ്പൂരിലെ തേക്കിന്‍തോട്ടവും നിര്‍മിച്ചതുള്‍പ്പടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത കനോലി സായിപ്പ് 15 വര്‍ഷം തുടര്‍ച്ചയായി മലബാറിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അമരക്കാരനായിരുന്നു. ചരക്ക് ഗതാഗതത്തിനായി നിര്‍മിച്ചതായിരുന്നുവെങ്കിലും കനോലി കനാലിന്റെ നിര്‍മിതിയിലൂടെ കൈവന്ന സൗഭാഗ്യമാണ് കോഴിക്കോടിന്റെ സ്വപ്‌ന നഗരിയായ 242 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന സരോവരം ബയോപാര്‍ക്ക്. പക്ഷി സങ്കേതമായും കണ്ടല്‍ ചെടികളുടെ അപൂര്‍വ്വ ശേഖരമായും പരിണമിച്ച ഈ പ്രദേശം നഗരത്തിലെ ജൈവ വൈവിധ്യത്തിന്റെ സവിശേഷ മാതൃകയായി ഇന്നും നിലകൊള്ളുന്നു. 1840ല്‍ ബോംബെയിലെ കപ്പല്‍ നിര്‍മാണ ശാലക്കു വേണ്ടി നട്ടുവളര്‍ത്തിയതാണ് ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന നിലമ്പൂരിലെ തേക്കിന്‍തോട്ടം. ഇന്ത്യയിലെ തന്നെ ആദ്യത്തെ മനുഷ്യനിര്‍മിത തേക്കിന്‍തോട്ടമാണിത്. തൃക്കാളൂര്‍ ദേവസ്വത്തില്‍ നിന്നും അനുവദിച്ച് കിട്ടിയ ഭൂമിയില്‍ പത്തു വര്‍ഷംകൊണ്ടാണ് കനോലി തേക്കിന്‍തൈകള്‍ വച്ച് പിടിപ്പിച്ചത്. തന്റെ വനം കണ്‍സര്‍വേറ്ററായിരുന്ന ചന്തുമേനോനൊപ്പം തന്റെ സ്വന്തം കൈകൊണ്ട് കനോലി നട്ടുവളര്‍ത്തിയ 117 തേക്കുമരങ്ങള്‍ 170ാം വര്‍ഷത്തലും നിലമ്പൂരില്‍ വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ്. 1843 ല്‍ മലബാറില്‍ അടിമവ്യാപാരം നിര്‍ത്തലാക്കിയത് കനോലിയാണ്. അടിമക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിദ്യാലയം നിര്‍മിക്കുകയും മോചിപ്പിക്കപ്പെട്ട അടിമകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു അദ്ദേഹം. തീപിടുത്തത്തില്‍ നിന്നും തിരക്കേറിയ നഗരത്തെ രക്ഷിക്കാന്‍ വലിയങ്ങാടിയിലെ പാണ്ടികശാലകള്‍ക്ക് പലിശയില്ലാതെ പണം കടം നല്‍കി ഓടുമേയിച്ചതും കനോലിയുടെ ഭരണകാലത്തായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനും വൈക്കം സത്യാഗ്രഹത്തിനുമെല്ലാം എത്രയോ മുമ്പ് മലബാറിലെ പൊതുനിരത്തുകളിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക് നടക്കാന്‍ അനുവാദം നല്‍കിയ വിപ്ലവകരമായ തീരുമാനവും കനോലിയുടെതായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് അധിനിവേശ ഭരണകൂടത്തിന്റെ ഭാഗമായി നിന്ന് മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ ജന്‍മി വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ കനോലി അനഭിമതനായി. ഫസല്‍ പൂക്കോയ തങ്ങളുടെയും മറ്റും നേതൃത്വത്തില്‍ നടന്ന ശക്തമായ ജന്‍മി വിരുദ്ധ സമരങ്ങളെ തോക്കുകൊണ്ട് നേരിടാന്‍ കനോലി മടികാണിച്ചില്ല. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മാപ്പിളമാരെ മുഴുവന്‍പേരെയും അറസ്്റ്റ് ചെയ്യാനും ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്താനുമുള്ള കനോലിയുടെ തീരുമാനം സമരക്കാരെ കൂടുതല്‍ കോപാകുലരാക്കി. ഇതിനെ തുടര്‍ന്ന് 1855 സെപ്തംബര്‍ 11 ന് രാത്രി ഒമ്പതിന് വെസ്റ്റ് ഹില്ലിലെ ബംഗ്ലാവിലിട്ട് വാലശ്ശേരി എമാലു, പുളിയംകുന്നത്ത് തേനു, ഹൈദര്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് കനോലിയെ കൊലപ്പെടുത്തി. ഇവരെ ആറു ദിവസത്തിന് ശേഷം എടവണ്ണപ്പാറക്കടുത്ത് വച്ച് ബ്രിട്ടിഷ് പട്ടാളം ഏറ്റുമുട്ടലില്‍ വധിച്ചു. സൗത്ത് ബീച്ച് റോഡിലെ കനോലി പാര്‍ക്കിലാണ് കനോലി സായിപ്പിനെ അടക്കം ചെയ്തത്. 1997 ല്‍ അദ്ദേഹത്തിന്റെ കല്ലറയുടെ ഹെഡ്‌സ്‌റ്റോണ്‍ (തലക്കല്ല്) നഗരഹൃദയത്തിലെ സിഎസ്‌ഐ സെന്റ്‌മേരിസ് ഇംഗ്ലീഷ് ചര്‍ച്ചിലേക്ക് മാറ്റി.

RELATED STORIES

Share it
Top