ആധികളും ആവലാതികളും പറഞ്ഞ് ഗള്‍ഫ് പ്രവാസികള്‍

ഷാനു സി കെ
തിരുവനന്തപുരം: ജീവിതത്തെ പറിച്ചുനട്ടവര്‍, അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി ഉറ്റവരുടെ ജീവിതങ്ങള്‍ക്കു നിറംപിടിപ്പിച്ചവര്‍... തങ്ങളുടെ ജീവിതം ഇരുട്ടിലാണെന്ന ആധിയും ആവലാതിയുമായാണു ലോക കേരളസഭയില്‍ ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധികളെത്തിയത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കു തങ്ങളുടെ കാര്യത്തില്‍ യാതൊരു ബാധ്യതയുമില്ലെന്നവര്‍ തുറന്നു പറഞ്ഞു. തങ്ങളുടെ സ്ഥിതിവിവര കണക്കുപോലും ശേഖരിക്കാതെ നിക്ഷേപങ്ങളില്‍ മാത്രം കണ്ണുനട്ടിരിക്കുന്നതിലാണു സര്‍ക്കാരുകളുടെ ശ്രദ്ധ. അവഗണനയുടെ വര്‍ഷങ്ങളാണു പ്രവാസിയുടേത്. നാളിതുവരെ ആയിട്ടും വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പ്രവാസിസമ്പത്ത് എത്രയെന്നു പോലുള്ള കണക്ക് കേന്ദ്രത്തിന്റെ കൈയിലില്ല. സംസ്ഥാനത്തിന്റെ കണക്കാവട്ടെ തെറ്റും. സിഡിഎസ് സമാഹരിച്ച പ്രവാസികളുടെ കണക്കുപ്രകാരം 24 ലക്ഷം മലയാളികളാണ് അന്യനാടുകളിലുള്ളത്.
എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നു പ്രവാസി പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. പ്രവാസികളുടെയും പ്രവാസം മതിയാക്കിയവരുടെയും തരംതിരിച്ചുള്ള വിശദമായ സര്‍വേ ശേഖരിക്കണമെന്നതാണു യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്.
തങ്ങളുടെ നാട് കേരളമാണ്. മൃതദേഹമായല്ല തങ്ങള്‍ക്ക് അവിടേക്കു തിരിച്ചുവരേണ്ടത്. സ്ഥിരം ഒരു പ്രവാസിയാവാന്‍ ഒരാളും താല്‍പര്യം കാണിക്കില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. മന്ത്രി കെ ടി ജലീല്‍ സഭ നിയന്ത്രിച്ചു. വൈകിയെങ്കിലും സര്‍ക്കാരിന്റെ ഇത്തരമൊരു പ്രയത്‌നത്തെ നന്ദിയോടെ സ്മരിച്ചാണു പ്രതിനിധികള്‍ മടങ്ങിയത്.

RELATED STORIES

Share it
Top