ആധാറിന് അനുമതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: 2016ലെ ആധാര്‍ നിയമത്തിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് സുപ്രിംകോടതി. അതേസമയം, ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വ്യക്തിയുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ആധാര്‍ നിയമത്തിലെ 57, 33(2), 47 വകുപ്പുകള്‍ കോടതി റദ്ദാക്കി. ആധാര്‍ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജികളിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലംഗങ്ങളുടെ ഭൂരിപക്ഷ വിധി. അതേസമയം, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും സ്‌കൂള്‍ പ്രവേശനത്തിനും ആധാര്‍ നിര്‍ബന്ധമില്ലെന്നും മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നുമുള്ള സുപ്രധാന നിര്‍ദേശങ്ങളും വിധിയിലുണ്ട്.
ജസ്റ്റിസ് എ കെ സിക്രിയാണ് ഭേദഗതികളോടെ ആധാറിന് അനുകൂലമായ വിധിപ്രസ്താവം നടത്തിയത്. ഇതിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ എന്നിവര്‍ യോജിച്ചു. ജസ്റ്റിസ് അശോക് ഭൂഷണും ആധാറിന് അനുകൂല നിലപാടെടുത്തപ്പോള്‍ ആധാറിനോട് വിയോജിച്ചുള്ള വിധിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രസ്താവിച്ചത്. ആധാര്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എല്ലാവിധ അധികാരങ്ങളുമുണ്ടെന്നാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നിലപാട്.
ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണ്. വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നിയമനിര്‍മാണം നടത്തണം. രാജ്യത്തൊട്ടാകെ ഏക തിരിച്ചറിയല്‍ സംവിധാനം നല്ലതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിന് ആധാര്‍ സഹായകരമാവും. അഴിമതിക്കുള്ള സാധ്യത കുറയുമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദേശീയ സുരക്ഷയുടെ പേരില്‍ ആധാറിലെ വ്യക്തിഗത വിവരങ്ങള്‍ കൈമാറാനാവില്ല. സ്വകാര്യ കമ്പനികള്‍ക്കു വിവരങ്ങള്‍ നല്‍കരുത്, വിവരങ്ങള്‍ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും കോടതി വ്യക്തമാക്കി.
വിവരങ്ങള്‍ ചോര്‍ത്തിയാല്‍ വ്യക്തികള്‍ക്കും ഇനി കോടതിയെ സമീപിക്കാവുന്നതാണ്. നേരത്തേ ഇതിനുള്ള അധികാരം ആധാര്‍ അതോറിറ്റിക്ക് മാത്രമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആധാര്‍ നിയമത്തിലെ 33 (2), 47, 57 വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാറിന്റെ ആനുകൂല്യം ലഭിക്കരുതെന്നും 1448 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല, ആധാറില്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ ഒരവകാശവും നിഷേധിക്കരുത്, ആധാര്‍ ധനബില്ലായി പാസാക്കാം തുടങ്ങിയവയാണ് ഭൂരിപക്ഷ വിധിയിലെ പ്രധാന പ്രസ്താവനകള്‍.
ആധാറുമായി ബന്ധപ്പെട്ട വിവിധ ഹരജികളില്‍ നാലു മാസങ്ങളിലായി 38 ദിവസത്തോളമാണ് വാദം നടന്നത്. ആധാര്‍ പദ്ധതി പൗരന്റെ സ്വകാര്യതയ്ക്കു നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു പൊതുതാല്‍പര്യ ഹരജികളിലെ പ്രധാന വാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്കു നേരിട്ടെത്തിക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പൗരന്റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയുടെ ലംഘനമാണോ തുടങ്ങിയ ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.

RELATED STORIES

Share it
Top