ആധാറിനു പകരം വിര്‍ച്വല്‍ ഐഡി ജൂലൈ ഒന്നുമുതല്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ആധാര്‍ നമ്പറിനു പകരം ഉപയോഗിക്കാവുന്ന വിര്‍ച്വല്‍ ഐഡി സംവിധാനം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. 500 രൂപയ്ക്ക് ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികള്‍ അതോറിറ്റി സ്വീകരിച്ചത്.
ആധാര്‍ നമ്പറിനു പകരം ഉപയോഗിക്കാവുന്ന വിര്‍ച്വല്‍ ഐഡിയും ഉപഭോക്താക്കളുടെ ചുരുക്കം വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന കെവൈസിയും (നോ യുവര്‍ കസ്റ്റമര്‍) നടപ്പാക്കാനുള്ള തീരുമാനം 2018 ജനുവരിയിലാണ് എടുത്തത്. ആധാര്‍ നമ്പര്‍ നല്‍കേണ്ട വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ ബയോമെട്രിക് കാര്‍ഡിലെ 12 അക്ക നമ്പറിനു പകരം താല്‍ക്കാലികമായി ലഭിക്കുന്ന മറ്റൊരു രഹസ്യ നമ്പര്‍ പങ്കുവയ്ക്കുന്ന സംവിധാനമാണ് വിര്‍ച്വല്‍ ഐഡി. ആധാര്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി നല്‍കേണ്ടത് 16 അക്ക താല്‍ക്കാലിക രഹസ്യ നമ്പറാണ്. വെബ്‌സൈറ്റില്‍ നിന്നു താല്‍ക്കാലികമായി ഇതു ലഭിക്കും. ഏതൊരു ഉപഭോക്താവിനും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് എത്ര വിര്‍ച്വല്‍ ഐഡികള്‍ വേണമെങ്കിലും ഉണ്ടാക്കാം. പുതിയ ഐഡി ഉണ്ടാക്കുമ്പോള്‍ പഴയ ഐഡികളെല്ലാം റദ്ദ് ചെയ്യപ്പെടും. ബാങ്ക് ഇടപാടുകളിലെ ഒടിപി നമ്പറിന് സമാനമായ സംവിധാനമാണ് ഇത്.
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്നോ മൊബൈലില്‍ ആധാര്‍ ആപ്പില്‍ നിന്നോ വിര്‍ച്വല്‍ ഐഡി നിര്‍മിക്കാന്‍ സാധിക്കും. എന്നാല്‍, ഇത് പരിമിതകാലത്തേക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
റെയില്‍വേ ടിക്കറ്റ് ബുക്കിങ്, വിമാന ടിക്കറ്റ് ബുക്കിങ് എന്നിങ്ങനെ ആധാര്‍ ആവശ്യമായ എല്ലാ സേവനങ്ങള്‍ക്കും വിര്‍ച്വല്‍ ഐഡി പ്രയോജനപ്പെടുത്താനാവും.

RELATED STORIES

Share it
Top