ആധാര രജിസ്‌ട്രേഷന്‍ ഫീസ് ട്രഷറിയില്‍ അടയ്ക്കനുള്ള ഉത്തരവ് ജനത്തിന് തിരിച്ചടിയാകുന്നുകരുന്നാട്ട് ശശി

കാവനാട്: ആധാര രജിസ്‌ട്രേഷനുള്ള ഫീസ് ട്രഷറിയില്‍ അടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവര്‍ക്ക് തിരിച്ചടിയാകുന്നു. രജിസ്ട്രാര്‍ ഓഫിസുകള്‍ അഴിമതി രഹിതമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇതു കാര്യമായ പ്രയോജനം ഉണ്ടാക്കുന്നില്ലെന്നും രജിസ്‌ട്രേഷനെത്തുന്നവരെ വലയ്ക്കുകയുമാണെന്നാണ് ആക്ഷേപം. രജിസ്‌ട്രേഷന്‍ വകുപ്പ് ആരംഭിച്ചതു മുതല്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് ആധാരം രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ നേരിട്ട് സ്വീകരിക്കുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. ഇങ്ങനെ സ്വീകരിക്കുന്ന ഫീസുകള്‍ ഒരുമിച്ച് അടുത്ത ദിവസം തന്നെ ഓഫിസിലെ ജീവനക്കാര്‍ ട്രഷറികള്‍ ഒടുക്കി ചെല്ലാന്‍ രസീതുകള്‍ വാങ്ങി ഓഫിസുകളില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇങ്ങനെ നേരിട്ട് പണം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനെത്തുന്നവരില്‍ നിന്നും അമിത തുക കൈപ്പറ്റുന്നതായും കൂടാതെ ഓഫിസ് ജീവനക്കാര്‍ പണം ട്രഷറികളിലടയ്ക്കാന്‍ ഇടനിലക്കാരെ ഏര്‍പ്പാടാക്കുന്നതായുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇടനിലക്കാര്‍ ട്രഷറിയില്‍ അടയ്‌ക്കേണ്ട പണവുമായി മുങ്ങിയ സംഭവങ്ങളും ഉണ്ടായിരുന്നു. പുതിയ ഉത്തരവ് പ്രകാരം രജിസ്ട്രാര്‍ ഓഫിസുകളില്‍ ഫീസായി നല്‍കേണ്ടുന്ന തുക നേരത്തെ ട്രഷറിയിലോ സബ് ട്രഷറിയിലോ അടച്ചു രസീത് വാങ്ങി രജിസ്‌ട്രേഷന്‍ വേളയില്‍ സബ് രജിസ്ട്രാര്‍ക്ക് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാരം ഓണ്‍ലൈനിലൂടെ തയ്യാറാക്കിയശേഷം അവിടെ നിന്നും ലഭിക്കുന്ന ഫീസടയ്‌ക്കേണ്ട രസീതുവാങ്ങി അടുത്തുള്ള ട്രഷറികളില്‍ എത്തി ഏറെനേരം കാത്തുനിന്ന് പണം അടച്ചുവരുകയാണ്. ഇതിനുശേഷം അവിടുന്നു ലഭിച്ച രസീത് വാങ്ങി വീണ്ടും ആധാരം തയ്യാറാക്കിയ സെന്ററുകളില്‍ എത്തി പണം ഒടുക്കിയ വിവരങ്ങള്‍ കൂടി ചേര്‍ത്ത് ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ എത്തി ആധാരം രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ രജിസ്‌ട്രേഷന്‍ വേളയില്‍ ഫീസ് കൂടുതലായാല്‍ അത് ഒരു രൂപയാണെങ്കില്‍ പോലും വീണ്ടും ആധാരം തയ്യാറാക്കിയ സെന്ററുകളില്‍ എത്തി രജിസ്‌ട്രേഷന്‍ ഫീസില്‍ വീണ്ടും അടയ്‌ക്കേണ്ട തുക കൂടിചേര്‍ത്ത് രണ്ടാമതും ട്രഷറികളില്‍ കയറിയിറങ്ങേണ്ടുന്ന അവസ്ഥയുണ്ട്. അധികമായി വേണ്ട തുക വാങ്ങാന്‍ സബ് രജിസ്ട്രാര്‍മാര്‍ക്ക് നിലവില്‍ അധികാരമില്ല.മിക്ക സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക് സമീപവും ട്രഷറികളില്ല. അതിനാല്‍ കിലോ മീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ട്. ഇതുമൂലം നിശ്ചയിച്ച തിയ്യതികളില്‍ ആധാരം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നു. മാസത്തിന്റെ ആദ്യ നാളുകളില്‍ ആണെങ്കില്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വിതരണ സമയങ്ങളില്‍ തിരക്ക് മൂലം ഒരു ദിവസം മുഴുവന്‍ ട്രഷറിയില്‍ ചെലവഴിക്കേണ്ടതായും വരുന്നുണ്ട്. കൂടാതെ ഇത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ട്രഷറികളില്‍ ഫീസടച്ച് രജിസ്‌ട്രേഷനെത്തുമ്പോള്‍ പണം രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അക്കൗണ്ടില്‍ എത്താതിരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.രജിസ്‌ട്രേഷന്‍ ഫീസ് ട്രഷറിയില്‍ അടച്ചുകൊണ്ടുമാത്രം അഴിമതി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. കാരണം രജിസ്ട്രാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ആധാരം എഴുത്തുകാര്‍ വഴി ഇപ്പോഴും കൈകക്കൂലി നല്‍കിവരുന്നുണ്ടെന്ന് ഈ രംഗത്ത് ഉള്ളവര്‍ വ്യക്തമാക്കുന്നു. ആധാരങ്ങൡ വച്ചിട്ടുള്ള തുകയുടെ കണക്കനുസരിച്ചാണ് കൈക്കൂലിയെന്നും പരാതിയുണ്ട്. ഫലത്തില്‍ അഴിമതി തടയാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് ലക്ഷ്യം കാണാതെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറുന്ന സാഹചര്യമാണുള്ളത്.

RELATED STORIES

Share it
Top