ആധാര രജിസ്‌ട്രേഷന്‍ ഫയലിങ് : ഷീറ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നുകരുന്നാട്ട്  ശശി

കാവനാട്(കൊല്ലം): രജിസ്‌ട്രേഷന്‍ വകുപ്പില്‍ അരനൂറ്റാണ്ടിലധികമായി നിലനിന്നിരുന്ന ഫയലിങ് ഷീറ്റ് സമ്പ്രദായം നിര്‍ത്തലാക്കുന്നു. ആധാരങ്ങള്‍ സിഡിയിലാക്കി സൂക്ഷിക്കുന്ന സമ്പ്രദായത്തിന്റെയും സ്വന്തമായി ആധാരം എഴുതാനുള്ള സംവിധാനത്തിന്റെയും ചുവടുപിടിച്ചാണ് ഫയലിങ് ഷീറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ് നിര്‍ത്തലാക്കുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്യാനായി അസ്സല്‍ ആധാരവും വസ്തു ലഭിക്കുന്നയാളിന്റെ പേരില്‍ കരം അടച്ചുകിട്ടുന്നതിനായി ആധാരത്തിന്റെ ഒരു കോപ്പിയുമാണ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ സമര്‍പ്പിച്ചിരുന്നത്. ഇവ പരിശോധിച്ചശേഷം സബ് രജിസ്ട്രാര്‍മാര്‍ ആധാരം രജിസ്റ്റര്‍ ചെയ്യുകയും അതിനുശേഷം രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ ഒറിജിനല്‍ നോക്കി ജീവനക്കാര്‍ തന്നെ ഫയലിങ് ഷീറ്റില്‍ പകര്‍ത്തിയെഴുതി വാള്യങ്ങളാക്കിയതിനു ശേഷം ഒറിജിനല്‍ ആധാരം കക്ഷികള്‍ക്കു തിരികെ നല്‍കുന്ന രീതിയുമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പു നിലനിന്നിരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന അസ്സല്‍ ആധാരം തിരികെ കിട്ടാന്‍  കാലതാമസം നേരിട്ടതോടെ പരാതികളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1968ല്‍ അന്നത്തെ രജിസ്‌ട്രേഷന്‍ മന്ത്രിയായിരുന്ന പി കെ കുഞ്ഞ് ഇടപെടുകയും ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ഹാജരാക്കുന്ന വേളയില്‍ ഫയലിങ് ഷീറ്റ് കൂടി ആധാരം എഴുത്തുകാര്‍ തന്നെ എഴുതി ഒറിജിനല്‍ ആധാരത്തോടൊപ്പം ഹാജരാക്കണമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. അന്നു മുതല്‍ ആധാരം എഴുത്തുകാര്‍ തന്നെയാണ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ സൂക്ഷിക്കേണ്ട ഫയലിങ് ഷീറ്റും എഴുതി ഒറിജിനല്‍ ആധാരത്തോടൊപ്പം രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയിരുന്നത്. അടുത്തിടെ കൊട്ടാരക്കര ഉള്‍െപ്പടെയുള്ള സബ് രജിസ്ട്രാര്‍ ഓഫിസുകളിലുണ്ടായ തീപ്പിടിത്തങ്ങളിലും കാലപ്പഴക്കംമൂലവും വാള്യങ്ങള്‍ നശിച്ചുപോയിരുന്നു. ഇതോടെയാണ് ഫയലിങ് ഷീറ്റ് സമ്പ്രദായത്തിനു പകരം ആധാരങ്ങള്‍ സിഡികളിലാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. അതേസമയം, ആധാരം സ്വന്തമായി എഴുതാന്‍ അനുവദിക്കുന്ന ഉത്തരവിനു പുറമേ ഫയലിങ് ഷീറ്റ് കൂടി നിര്‍ത്തലാക്കുന്നത് ആധാരം എഴുത്ത് മേഖലയില്‍ തൊഴില്‍ചെയ്യുന്ന പതിനായിരക്കണക്കിനു പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നാരോപിച്ച് ഈ മേഖലയിലുള്ളവര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

RELATED STORIES

Share it
Top