ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്നു ഹാക്കര്‍മാരെ വെല്ലുവിളിച്ചു; ട്രായ് മേധാവിയുടെ വിവരങ്ങളെല്ലാം ട്വിറ്ററില്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന അവകാശവാദമുയര്‍ത്തി ഹാക്കര്‍മാരെ വെല്ലുവിളിച്ച് 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ട ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയുടെ സകലമാന വിവരങ്ങളും പരസ്യമാക്കി സാങ്കേതിക വിദഗ്ധര്‍.
ശര്‍മയുടെ പാന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, ശര്‍മ ഉപയോഗിക്കുന്ന ഫോണ്‍ കമ്പനിയുടെ വിവരങ്ങള്‍, വാട്ട്‌സ്ആപ്പിന്റെ പ്രൊഫൈല്‍ ചിത്രം തുടങ്ങി എല്ലാ വ്യക്തിവിവരങ്ങളുമാണ് ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യമായത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശര്‍മ ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. തന്റെ വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു.
എന്നാല്‍, മണിക്കൂറുകള്‍ക്കം ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാര്‍ പദ്ധതിയുടെ വിമര്‍ശകനുമായ എലിയട്ട് ആല്‍ഡേഴ്‌സണിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ആദ്യ പ്രതികരണമെത്തി. ശര്‍മയുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളുമായിട്ടായിരുന്നു ആല്‍ഡേഴ്‌സന്‍ രംഗത്തെത്തിയത്. പരസ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന വിവരവും ഇതിലുണ്ട്.
''ജനങ്ങള്‍ക്ക് താങ്കളുടെ വ്യക്തിവിവരങ്ങള്‍, ജനന തിയ്യതി, ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ട് നിര്‍ത്തി. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്നു കരുതുന്നു'' - ആല്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയോടും ആധാര്‍ നമ്പര്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ചിട്ടാണ് ആല്‍ഡേഴ്‌സന്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയത്. ട്വീറ്റുകള്‍ക്ക് പിന്നാലെ എലിയട്ട് ആല്‍ഡേഴ്‌സനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു.
ശര്‍മയുടെ മെയില്‍ ഐഡിയുടെ സുരക്ഷാ ചോദ്യമായ എയര്‍ ഇന്ത്യയുടെ ഫ്രീക്കന്റ് ഫഌയര്‍ നമ്പറും പുറത്തായി. എയര്‍ ഇന്ത്യയുമായി ഇ-മെയില്‍ വഴി നടത്തിയ സംഭാഷണവും ഹാക്കര്‍ പുറത്തുവിട്ടു. ചിലര്‍ വ്യാജ ആധാറുകള്‍ ശര്‍മയുടെ പേരില്‍ തയ്യാറാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ശര്‍മയുടെ വീടിന്റെ അഡ്രസ്സും ചിലര്‍ പോസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top