ആധാര്‍: റിപോര്‍ട്ട് പുറത്തുവിട്ടവര്‍ക്കെതിരേ കേസ്അപലപിച്ച് മാധ്യമ സംഘടനകള്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ട മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരേ കേസെടുത്തതിനെ അപലപിച്ച്്് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും എഡിറ്റേഴ്‌സ് ഗില്‍ഡുമടക്കമുള്ള സംഘടനകളും. പ്രസ്‌ക്ലബ് ഓഫ് ഇന്ത്യക്കും എഡിറ്റേഴ്‌സ് ഗില്‍ഡിനും പുറമെ ഇന്ത്യന്‍ വിമന്‍സ് കോര്‍പ്‌സ്, പ്രസ് അസോസിയേഷന്‍ സംഘടനകളും മുംബൈ പ്രസ്‌ക്ലബും സംഭവത്തെ അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഭരണ സംവിധാനത്തിലെ പാളിച്ചകള്‍ പുറത്തുകൊണ്ടുവന്നതിന് ദ ട്രൈബ്യൂണ്‍ റിപോര്‍ട്ടര്‍ക്കെതിരേ കേസ് നല്‍കിയ യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ) നടപടിയില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ വിമന്‍സ് കോര്‍പ്‌സും പ്രസ് അസോസിയേഷനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സ്വാതന്ത്ര്യവും നീതിയുക്തവുമായ മാധ്യമപ്രവര്‍ത്തനത്തെ തടയുന്നതാണ് ഈ നടപടിയെന്നും മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പരാതിയും നിയമനടപടികളും ഉടന്‍ പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ട്രിബ്യൂണ്‍ റിപോര്‍ട്ടര്‍ക്കെതിരേ യുഐഡിഎഐ കേസെടുത്തത് ആശങ്കാജനകമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതികരിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള നീതീകരിക്കാനാവാത്ത ആക്രമണമാണിതെന്നു എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ അവകാശങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണമാണിതെന്ന് മുംബൈ പ്രസ്‌ക്ലബ് അഭിപ്രായപ്പെട്ടു. ആധാര്‍ വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അന്വേഷണം വേണമെന്നും മുംബൈ പ്രസ്‌ക്ലബ് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ കേസെടുത്തതിനെതിരേ കോണ്‍ഗ്രസ്സും രംഗത്തെത്തി. ആധാറിന്റെ ന്യൂനതകളെപ്പറ്റി വാര്‍ത്ത പുറത്തുകൊണ്ടുവന്നവരെ ആക്രമിക്കുന്നതിനു പകരം കേന്ദ്രവും ആധാര്‍ അതോറിറ്റിയും വാര്‍ത്തയെക്കുറിച്ച് അന്വേഷണം നടത്തുകയാണ് വേണ്ടതെന്ന് എഐസിസി വക്താവ് ശോഭ ഓജ പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്റെയും വ്യക്തിഗത വിവരങ്ങള്‍ ഓരോ ദിവസവും ഹാക്കര്‍മാര്‍ പുറത്തുവിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അവര്‍ ആരോപിച്ചു. തങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന അഹങ്കാരത്താല്‍ മോദിസര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയും പൗരന്‍മാരുടെ സ്വകാര്യതാ അവകാശത്തെ അപഹസിക്കുകയുമാണെന്ന് ശോഭ ഓജ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top