ആധാര്‍ ബന്ധിപ്പിച്ചില്ല: വൃദ്ധ പട്ടിണി മൂലം മരിച്ചു

റാഞ്ചി: ആധാറുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് പട്ടിണി മൂലം ജാര്‍ഖണ്ഡില്‍ വൃദ്ധ മരിച്ചു. ഗര്‍വ ജില്ലയിലെ സോന്‍പൂര്‍വ്വ ഗ്രാമത്തിലുള്ള എത്‌വര്യ ദേവി(67)യാണ് മരണപ്പെട്ടത്. റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് എത്‌വര്യയുടെ മരണമെന്ന് ജാര്‍ഖണ്ഡിലെ സാമൂഹിക സംഘടനയായ റൈറ്റ് ടു ഫുഡ് ക്യാംപെയിന്‍ പറഞ്ഞു.
ഡിസംബര്‍ 25നാണ് എത്‌വര്യ മരണപ്പെട്ടത്. 2017 ഒക്ടോബര്‍ മുതല്‍ റേഷനും നവംബര്‍ മുതല്‍ പെന്‍ഷനും ലഭിച്ചിരുന്നില്ല. മകന്റെ കുടുംബത്തിനൊപ്പമാണ് എത്‌വര്യ കഴിഞ്ഞിരുന്നത്. റേഷനായി ലഭിക്കുന്ന 25 കിലോ ധാന്യം മാസങ്ങളായി ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.


എത്‌വര്യയുടെ മരണാന്തര ചടങ്ങുകള്‍ വേഗത്തിലാക്കാനും ഇതുവഴി പോസ്റ്റമോര്‍ട്ടം നടത്താതിരിക്കാനും ബ്ലോക്ക് അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും റൈറ്റ് ടു ഫുഡ് ക്യാംപെയിന്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.മരണകാരണം പുറത്തുവരാതിരിക്കാനാണ് അധികൃതര്‍ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയത്. എത്‌വര്യയുടെത് സാധാരണ മരണമാണെന്നാണ് ബ്ലോക്ക് അധികൃതര്‍ പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ജാര്‍ഖണ്ഡില്‍ സംഭവിച്ച അഞ്ചാമത്തെ മരണമാണിതെന്ന് റൈറ്റ് ടു ഫുഡ് പ്രവര്‍ത്തകനായ സിറാജ് ദത്ത പറഞ്ഞു. സപ്തംബര്‍ 28ന് സിംദേഗയില്‍ സന്തോഷി കുമാരി എന്ന ബാലികയും ഡിസംബര്‍ ഒന്നിന് പ്രേമാനി കുന്‍വാര്‍ എന്ന 64കാരിയും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

RELATED STORIES

Share it
Top