ആധാര്‍-പാന്‍-മൊബൈല്‍ ബന്ധിപ്പിക്കാന്‍ വന്‍തിരക്ക്ചങ്ങനാശ്ശേരി: ആധാര്‍-പാന്‍ കാര്‍ഡുമായും മൊബൈല്‍ ഫോണ്‍ നമ്പറുമായും ബന്ധിപ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നതോടെ സമയം നീട്ടിനല്‍കണമെന്ന ആവശ്യം ശക്തമാവുന്നു. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ 30ന് പാന്‍കാര്‍ഡുകള്‍ അസാധുവാക്കപ്പെടും. അക്ഷയ കേന്ദ്രത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടേത് ഉള്‍പ്പെടെ 35ലധികം സേവനങ്ങള്‍ക്കായി നിരവധി ആളുകളെത്തുന്നുണ്ട്. ഇതിനു പുറമേയാണ് പാന്‍-ആധാര്‍-മൊബൈല്‍ ലിങ്കിങ്. പേരിലെയോ ജനനവര്‍ഷത്തിലെയോ വിവരങ്ങള്‍ രണ്ടു കാര്‍ഡിലും വ്യത്യസ്തമായാല്‍ ലിങ്കാവുകയില്ല. പിന്നീട് ആധാര്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്തേണ്ടതായും വരും.ഓരോ ലിങ്കിങിനും സമയമേറെ ആവശ്യമുള്ള പ്രക്രിയ ആയതിനാല്‍ ഒരുദിവസം 50 എണ്ണത്തില്‍ കൂടുതല്‍ ഒരു കേന്ദ്രത്തില്‍ ചെയ്യാന്‍ കഴിയുകയില്ല. ജൂണ്‍ 30 എന്ന അവസാന തിയ്യതി ദീര്‍ഘിപ്പിച്ചു നല്‍കിയില്ലെങ്കില്‍ ലക്ഷക്കണക്കിനു വ്യക്തികളുടെ പാന്‍കാര്‍ഡുകളും, മൊബൈല്‍ കണക്ഷനുകളും റദ്ദാവുമെന്നതിനാല്‍ തിയ്യതി നീട്ടി നല്‍കണമെന്നു സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജി രാമന്‍നായര്‍, ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ആധാര്‍-പാന്‍-മൊബൈല്‍ സംയോജിപ്പിക്കലുമായി ബന്ധപ്പെട്ട് ചില അക്ഷയ കേന്ദ്രങ്ങള്‍ വന്‍തുക സര്‍വീസ് ചാര്‍ജായി ഈടാക്കുന്നതായും പരാതിയുണ്ട്. പലരും 100ഉം 50ഉം രൂപ ഈടാക്കുന്നുണ്ട്.

RELATED STORIES

Share it
Top