ആധാര്‍ പദ്ധതിയും സുപ്രിംകോടതി വിധിയും

ആധാറിന്റെ ഭരണഘടനാപരമായ സാധുത പരിശോധിച്ച സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാനമായ വിധി ഒട്ടേറെ വിവാദം സൃഷ്ടിച്ച തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച കുറേയേറെ ആശങ്കകള്‍ക്കു പരിഹാരമാവുമെന്നു കരുതാവുന്നതാണ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചില്‍ നാലുപേരും പൊതുവില്‍ ആധാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കുകയാണു ചെയ്യുന്നത്. അതേയവസരം എന്തിനുമേതിനും ആധാര്‍ നമ്പര്‍ ചോദിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍ സൗജന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം ലഭിക്കുന്നതിനായി എന്ന അവകാശവാദവുമായിട്ടാണ് യുപിഎ ഭരണകൂടം ആധാര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരണ സംവിധാനത്തിനു തുടക്കമിട്ടത്. പതിവുപോലെ അന്നു പ്രതിപക്ഷത്തായിരുന്ന ബിജെപി പദ്ധതിക്കെതിരായിരുന്നുവെങ്കിലും പിന്നീട് വലിയ ധൃതിയില്‍ ഒരു മണിബില്ലായി ലോക്‌സഭയില്‍ അവതരിപ്പിച്ച് പദ്ധതി നിയമമാക്കുകയായിരുന്നു. വിധി പദ്ധതിക്ക് നിയമസാധുത നല്‍കുമ്പോള്‍ തന്നെ ജസ്റ്റിസ് എ കെ സിക്രി ആ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട ഒരു നീക്കമായിരുന്നുവെന്ന വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ഭൂരിപക്ഷ വിധിയോട് ഇടഞ്ഞുനിന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഈ വിഷയത്തില്‍ കൂടുതല്‍ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു മാത്രം പൗരന്‍മാരുടെ ഓരോ ജീവിതവശവും നിരീക്ഷിക്കുന്ന, ഒളിഞ്ഞുനോക്കുന്ന ഒരു സംവിധാനമായി ആധാര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
സാമൂഹിക മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപനത്തോടെ പല രാജ്യങ്ങളിലും എല്ലാം നിരീക്ഷിക്കുന്ന ഭരണകൂടം പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയായി വളരുന്ന ഘട്ടത്തിലാണ് ആധാര്‍ സംബന്ധിച്ച സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളും ഉത്തരവുകളും. ചില പ്രശ്‌നങ്ങള്‍ക്ക് സുപ്രിംകോടതി ബെഞ്ച് പ്രായോഗികമായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നു. അതില്‍ ഏറ്റവും പ്രധാനം 100 കോടിയിലധികം വരുന്ന ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷയുടെ പേരില്‍ അന്വേഷണ ഏജന്‍സികളുമായി പങ്കുവയ്ക്കരുതെന്ന ഉത്തരവാണ്. അതുപോലെ വ്യാപാരാവശ്യങ്ങള്‍ക്ക് സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതും സുപ്രിംകോടതി വിലക്കുന്നു.
2010ല്‍ നിയമത്തിന്റെ പിന്‍ബലമില്ലാതെ തുടങ്ങിയതാണ് ആധാര്‍ പദ്ധതി. അതിന്റെ സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ഡിജിറ്റല്‍ വിവരശേഖരം സമര്‍ഥന്‍മാരായ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാം. ഈ വര്‍ഷമാദ്യം ആധാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആധാര്‍ അതോറിറ്റിയിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് അതിനു കാരണമായത്. ആ സംശയങ്ങള്‍ പരിഹരിക്കുന്നതിന് സുപ്രിംകോടതി യാതൊരു നിര്‍ദേശവും നല്‍കുന്നതായി കാണുന്നില്ല. ഭരണഘടനാ ബെഞ്ചിന്റെ സ്വാഗതാര്‍ഹമായ വിധി ആധാര്‍ സംബന്ധിച്ച പുതിയ വിവാദങ്ങള്‍ക്കു വഴിവയ്ക്കാനും സാധ്യതയുണ്ട്.

RELATED STORIES

Share it
Top