ആധാര്‍ ചോര്‍ച്ച:അറസ്റ്റ് ചെയ്യേണ്ടത് മാധ്യമപ്രവര്‍ത്തകയെ അല്ല;അതോറിറ്റിയെയാണെന്ന് സ്‌നോഡന്‍

ന്യൂഡല്‍ഹി:ആധാര്‍ ചോര്‍ന്ന സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ വിസില്‍ ബ്ലോവര്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. വിഷയം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകയെയല്ല അറസ്റ്റ് ചെയ്യേണ്ടതെന്നും ആധാര്‍ അതോറിറ്റിയെയാണെന്നും സ്‌നോഡന്‍ പറഞ്ഞു.ഇന്ത്യയിലെ ജനങ്ങളുടെ വ്യക്തിവിവരങ്ങളാണ് ആധാറിലുള്ളത്. ആധാര്‍ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന് ഒരു മാധ്യമപ്രവര്‍ത്തക തെളിവുസഹിതം വാര്‍ത്തനല്‍കിയാല്‍ അവര്‍ക്ക് അവാര്‍ഡ് നല്‍കുകയാണ് വേണ്ടത്, അല്ലാതെ കേസെടുക്കുകയല്ല വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നുവെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടത് യുഐഡിഎഐ ഉദ്യോഗസ്ഥരെയാണ്-സ്‌നോഡന്‍ ട്വിറ്ററില്‍ പറഞ്ഞു.
ദ ട്രിബ്യൂണല്‍ പത്രത്തിന്റെ ലേഖിക രചനാ ഖൈറയാണ് 500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നുവെന്ന് വെളിപ്പെടുത്തിയത്. സംഭവത്തില്‍ ദ ട്രിബ്യൂണ്‍ പത്രത്തിനും ലേഖികയ്ക്കുമെതിരേ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) കേസ് രജിസ്റ്റര്‍ ചെയ്തു. യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടറാണ് പത്രത്തിനും ലേഖിക രചനാ ഖൈറയ്ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 419, 420, 468, 471 വകുപ്പുകളും ഐടി നിയമത്തിലെ 66 വകുപ്പും ആധാര്‍ നിയമത്തിലെ 36, 37 വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അജ്ഞാതരായ ആളുകള്‍ വഴി പത്രത്തിന്റെ ലേഖിക വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനയിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top