ആധാര്‍ കേസ്: ഭരണഘടനാ ബെഞ്ച് അടുത്ത ആഴ്ച വാദം കേള്‍ക്കും;ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടുംന്യൂഡല്‍ഹി: വിവിധ സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള 2016ലെ ആധാര്‍ ആക്ടിലെ ഏഴാം വകുപ്പ് പ്രകാരം ഏകീകരിച്ച 139 സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡികളും ഇതില്‍ ഉള്‍പ്പെടും. കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്ന കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തിയ്യതി നീട്ടിനല്‍കിയിരിക്കുന്നത്.
അതേസമയം,  മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി അടുത്ത ഫെബ്രുവരി 6ന് അവസാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. കാലാവധി നീട്ടിനല്‍കുന്നതിന് സുപ്രിംകോടതിയില്‍  ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്കു മാത്രമേ ഈ അവസരം നല്‍കുകയുള്ളുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എന്നാല്‍, നിലവില്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാം ദിവാകര്‍ ആവശ്യപ്പെട്ടു.
ലോക്‌നീതി ഫൗണ്ടേഷന്‍ കേസില്‍, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ പരിശോധനാ പ്രക്രിയ ഉറപ്പാക്കുന്നതിന് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടെന്നായിരുന്നു ഇതിന് സര്‍ക്കാരിന്റെ വിശദീകരണം. ഡിസംബര്‍ 31നു മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആധാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ റിപോര്‍ട്ട് ഫെബ്രുവരിയില്‍ സമര്‍പ്പിക്കുമെന്ന് കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും പദ്ധതികളും ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജികളടക്കം ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിന് ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് ഇന്നലെ ചീഫ്ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട് 2014 മുതല്‍ നല്‍കിയ വിവിധ ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

RELATED STORIES

Share it
Top