ആധാര്‍ കാര്‍ഡ് കാണിക്കാത്തതു മൂലം ചികില്‍സ നിഷേധിച്ചു; കാര്‍ഗില്‍ രക്തസാക്ഷിയുടെ ഭാര്യ മരിച്ചു

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ സൈനികന്റെ ഭാര്യ ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ നിഷേധിച്ചതു മൂലം മരിച്ചു. ബിജെപി അധികാരത്തിലുള്ള ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. ആധാര്‍ കാണിക്കാത്തതിനെ തുടര്‍ന്നാണ് അമ്മയ്ക്ക് ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിച്ചതെന്ന് മകന്‍ പവന്‍ കുമാര്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണ് അമ്മയെയെ ആശുപത്രിയിലെത്തിച്ചത്. ചികില്‍സ ലഭ്യമാക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തിരക്കിട്ട് ആശുപത്രിയിലേക്ക് പോരേണ്ടിവന്നതിനാല്‍ കാര്‍ഡ് എടുത്തിരുന്നില്ല. മൊബൈലിലുണ്ടായിരുന്ന ആധാറിന്റെ കോപ്പി കാണിച്ച് ഒരു മണിക്കൂറിനകം അസ്സല്‍ കൊണ്ടുവരാമെന്ന് അഭ്യര്‍ഥിച്ചെങ്കിലും അധികൃതര്‍ ചികില്‍സ തുടങ്ങാന്‍ തയ്യാറായില്ലെന്നും പവന്‍ കുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും വ്യക്തമാക്കി. അതേ സമയം,  ആധാര്‍  ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികില്‍സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top