ആധാര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ഡോ. മന്‍സൂര്‍ ആലം

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റും പൊതുസമൂഹവും സുപ്രിംകോടതിയും തമ്മില്‍ നടക്കുന്ന തുടര്‍ച്ചയായ സംവാദം യഥാര്‍ഥത്തില്‍ പ്രശ്‌നത്തെ കൂടുതല്‍ ദുര്‍ഗ്രഹമാക്കിയിരിക്കുകയാണ്. 2010 തൊട്ട് ആധാറിനെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നീതി, ദേശീയസുരക്ഷ, വ്യക്തികളുടെ സ്വകാര്യത, അവരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ആരും ഗൗരവത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. ഈ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടാവട്ടെ ഒട്ടും പ്രതീക്ഷ നല്‍കുന്നതുമായിരുന്നില്ല. അതിനാല്‍ ഏറ്റവും മുറിപ്പെടുത്തുന്ന നിലപാടാണ് ഈയിടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വകാര്യത എന്ന മൗലികാവകാശമില്ല എന്നു സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ബോധിപ്പിക്കുന്നു. അവരുടെ ശരീരത്തിന്റെ മേലും അവര്‍ക്കുടമസ്ഥാവകാശമില്ല എന്നുവരെ പോയി ആ വാദം. ചില വിദേശ ഏജന്‍സികളാണ് ആധാര്‍ പദ്ധതിയിലുള്ളത് എന്ന വിവരം പുറത്തായത് കൂടുതല്‍ ആശങ്കയ്ക്കു വഴിവയ്ക്കുന്നു. കോടിക്കണക്കിനാളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തായത് ഗവണ്‍മെന്റ് ഇതിനുമുമ്പ് നല്‍കിയ ഉറപ്പുകള്‍ക്കൊന്നും ഒരു വിലയുമില്ല എന്നാണു സൂചിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു പലപ്പോഴായി സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അവയെല്ലാം തിരസ്‌കരിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂള്‍ പ്രവേശനം തൊട്ട് ഉച്ചഭക്ഷണം വരെ, ചികില്‍സാ സൗകര്യങ്ങള്‍ തൊട്ട് തൊഴിലവസരങ്ങള്‍ വരെ എല്ലാറ്റിനും ആധാര്‍ ചോദിക്കുന്നു. വ്യക്തികളാണ് ഇങ്ങനെ പെരുമാറിയതെങ്കില്‍ അത് കോടതിയലക്ഷ്യമായേനെ!അഞ്ചംഗ ഭരണഘടനാ ബെഞ്ചും ചീഫ് ജസ്റ്റിസ് ഖെഹാര്‍സിങിന്റെ അധ്യക്ഷതയിലുള്ള ചെറിയൊരു ബെഞ്ചും നല്‍കിയ ഉത്തരവുകളിലെ പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ അഭയംപ്രാപിച്ചിരിക്കുന്നത്. ഇക്കാര്യം സുപ്രിംകോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ മുകുള്‍ രോഹത്ഗി ചൂണ്ടിക്കാണിക്കുകയും ചെയ്തു.സുപ്രിംകോടതി പറയുന്നതെന്തായിരുന്നാലും പല സര്‍ക്കാര്‍ സേവനങ്ങളും ലഭിക്കാന്‍ ഇപ്പോള്‍ ആധാര്‍ വേണം. സുപ്രിംകോടതി തന്നെ 91 വിഷയങ്ങളിലെങ്കിലും ഭരണകൂടം ആധാര്‍ നിര്‍ബന്ധമാക്കിയ കാര്യം എടുത്തുപറയുന്നു. റേഷന്‍ വിതരണം, പെന്‍ഷന്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയൊക്കെ അവയിലുണ്ട്. സുപ്രിംകോടതിക്ക് ഭരണകൂടങ്ങളുടെ ഈ സമീപനം ആശയക്കുഴപ്പമുണ്ടാക്കിയെന്നു തോന്നുന്നു. ആധാറിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യമായ ഒരു സമീപനം സ്വീകരിക്കാന്‍ നീതിപീഠങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തയ്യാറാവേണ്ടതുണ്ട്. ആധാറില്ലാത്തതുകൊണ്ട് സ്‌കൂള്‍ പ്രവേശനം മുടങ്ങിയവരും ചികില്‍സ നിഷേധിക്കപ്പെട്ടവരും റേഷന്‍ കിട്ടാത്തവരും ഒരുപാടുണ്ട്. അവര്‍ ആധാര്‍ വിരോധികളായതല്ല കാര്യം. ആധാര്‍ സ്ഥാപനം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ സാേങ്കതികവിദ്യ കാരണം പലര്‍ക്കും അതു ലഭിക്കുന്നില്ല.ആധാര്‍ കാര്‍ഡുള്ളവരുടെ കാര്യം തന്നെ നോക്കാം. ഒരു പഠനമനുസരിച്ച് 10 ശതമാനം പേരുടെയും ആധാറില്‍ കാണുന്ന വിരലടയാളവും വ്യക്തിയുടെ വിരലടയാളവും താരതമ്യം ചെയ്യാന്‍ യന്ത്രങ്ങള്‍ക്കാവുന്നില്ല. കൃഷ്ണമണിയുടെ സ്വീകാര്യമായ വ്യക്തതയോടെ ചിത്രങ്ങള്‍ പല യന്ത്രങ്ങള്‍ക്കും പകര്‍ത്താനാവുന്നില്ല. പല തൊഴിലാളികളും കൈകൊണ്ട് ജോലിയെടുക്കുന്നതിനാല്‍ വിരലടയാളങ്ങളില്‍ മാറ്റം വരും. പ്രായംചെല്ലുംതോറും വിരലടയാളങ്ങളില്‍ മാറ്റമുണ്ടാവും. ഇക്കൂട്ടര്‍ കോടിക്കണക്കിനുണ്ട്. അവര്‍ക്കൊക്കെ അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. 30 ശതമാനം പേര്‍ക്കെങ്കിലും ഇക്കാര്യത്താല്‍ റേഷന്‍ ലഭിക്കുന്നില്ല. ചെറിയ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി 85 ലക്ഷം കാര്‍ഡുകള്‍ ഇതിനകം റദ്ദാക്കപ്പെട്ടു. അതിലൊന്നും സര്‍ക്കാരിനു ഖേദമില്ല. ആധാര്‍ മുഖേന ശേഖരിക്കുന്ന വിവരങ്ങള്‍ ശതകോടികളാണ്. പൗരന്മാരുടെ സമ്മതമില്ലാതെ അവ ശേഖരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സേവനങ്ങളും ചരക്കുകളും വിപണനം ചെയ്യാനും സാമര്‍ഥ്യമുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുണ്ട്. ക്രൂരത കൂടിയ ഒരു ഭരണകൂടത്തിന് അവ ദുരുപയോഗപ്പെടുത്താനും വംശീയതയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാനും എളുപ്പമാണ്. നരേന്ദ്രമോദി ഗുജറാത്ത് ഭരിച്ചിരുന്നപ്പോള്‍ മുസ്‌ലിംകളെക്കുറിച്ച വിവരങ്ങള്‍ പ്രത്യേകമായി ശേഖരിച്ചുവച്ചത് ഓര്‍ക്കുക. വികസിത-ജനാധിപത്യ രാഷ്ട്രങ്ങള്‍ പൗരന്മാരെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവയുണ്ടാക്കുന്ന അപകടങ്ങള്‍ പരിഗണിച്ച് ആ ശ്രമത്തില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. യുഎസും ബ്രിട്ടനും ആസ്‌ത്രേലിയയും ശേഖരിച്ച വിവരങ്ങള്‍ തന്നെ നശിപ്പിക്കുകയായിരുന്നു. ഭരണകൂടത്തിന് പൗരന്മാരെ ഭയപ്പെടുത്താന്‍ അവ സഹായിക്കുമെന്നായിരുന്നു ഒരു ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി പറഞ്ഞത്. ഫിലിപ്പീന്‍സ് സുപ്രിംകോടതി ശാരീരിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് ഐഡി നല്‍കാനുള്ള പ്രസിഡന്റിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണത് എന്നാണ് കോടതി പറഞ്ഞത്. ആധാര്‍, സ്മാര്‍ട്ട് ഫോണ്‍, നാറ്റ്ഗ്രിഡ്, നമുക്കറിയുന്നതും അറിയാത്തതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയെപ്പോലെ താരതമ്യേന അരക്ഷിതമായ വിവരശേഖരണവ്യവസ്ഥയുള്ള ഒരു രാജ്യത്ത് ആരുടെയൊക്കെ കൈയിലെത്തുമെന്നു കണക്കാക്കാന്‍ വിഷമമാണ്. തെരുവില്‍ പൗരന്മാര്‍ വിവസ്ത്രരായി നില്‍ക്കുന്നതിനു തുല്യമാണത്. വാട്ടര്‍ഗേറ്റ് വിവാദച്ചുഴിയില്‍പെട്ട് യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ സ്ഥാനമൊഴിയാനുള്ള കാരണം അദ്ദേഹത്തിന്റെ ഉപദേശികള്‍ രാഷ്ട്രീയ പ്രതിയോഗിയുടെ മെഡിക്കല്‍ റിക്കാര്‍ഡ് കട്ടെടുത്തതാണ്. തനിക്കെതിരേ മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് പ്രസിഡന്റാവാനുള്ള ആരോഗ്യമില്ലെന്ന് ഈ രേഖ വച്ചാണ് നിക്‌സണ്‍ വാദിച്ചത്. നിക്‌സന്റെ കാലമല്ല ഇത്. ശതകോടിക്കണക്കിന് വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനും ദുരുപയോഗം ചെയ്യാനും ഇന്നു സാധിക്കും. അതിനാല്‍ വലിയ അനര്‍ഥമുണ്ടാക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ ആധാര്‍ പിന്‍വലിക്കുകയാണു വേണ്ടത്.

RELATED STORIES

Share it
Top