ആധാരം തയ്യാറാക്കല്‍ ലൈസന്‍സ് പരീക്ഷ; പുനപ്പരിശോധനാ ഫലം റദ്ദാക്കി

എം ഖമറുദ്ദീന്‍
മലപ്പുറം: സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പ് 2017 ഡിസംബര്‍ 23നു നടത്തിയ ആധാരം തയ്യാറാക്കല്‍ ലൈസന്‍സിനുള്ള പരീക്ഷയുടെ പുനപ്പരിശോധനാ ഫലം റദ്ദാക്കി. പരീക്ഷയില്‍ അയോഗ്യരാക്കപ്പെട്ടവര്‍ ഫലം സംബന്ധിച്ച് വകുപ്പുമന്ത്രി ജി സുധാകരനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ടു പേപ്പറുകളിലായി നടന്ന പരീക്ഷയില്‍ ഓരോ പേപ്പറിനും 40 വീതം മാര്‍ക്ക് കിട്ടിയവരാണ് യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ അയ്യായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 35 ശതമാനത്തോളം പേര്‍ ആദ്യഘട്ടത്തില്‍ യോഗ്യത നേടി. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ആധാരം തയ്യാറാക്കല്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷ എഴുതിയ മുഴുവന്‍ ആളുകളുടെയും മാര്‍ക്ക്‌ലിസ്റ്റും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതോടെ കാലങ്ങളായി നടന്നിരുന്ന ആധാരം തയ്യാറാക്കല്‍ ലൈസന്‍സ് പരീക്ഷാഫലം സുതാര്യമാവുകയും മുഴുവന്‍ ആളുകള്‍ക്കും മാര്‍ക്ക് വിവരം ലഭ്യമായത് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.
അതേസമയം, ഫലപ്രഖ്യാപനത്തോടൊപ്പം തന്നെ രജിസ്‌ട്രേഷന്‍ വകുപ്പ് പുനപ്പരിശോധനയ്ക്ക് അപേക്ഷയും ക്ഷണിച്ചിരുന്നു. തുടര്‍ന്ന് എഴുനൂറോളം ആളുകളാണ് പുനപ്പരിശോധനയ്ക്ക് അപേക്ഷ നല്‍കിയത്. പുനപ്പരിശോധനാ ഫലം ആഴ്ചകള്‍ക്കു മുമ്പാണ് വകുപ്പിന്റെ വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിച്ചത്. എന്നാല്‍, ആദ്യ ഫലപ്രഖ്യാപനത്തോടൊപ്പം വന്ന മാര്‍ക്ക്‌ലിസ്റ്റില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് കുറഞ്ഞ മാര്‍ക്ക് നേടിയ പലരും പുനപ്പരിശോധനയില്‍ യോഗ്യത നേടുകയും നാമമാത്ര മാര്‍ക്കിന് അയോഗ്യരാക്കപ്പെട്ടവര്‍ പുനപ്പരിശോധനയിലും തല്‍സ്ഥിതി തുടരുകയും ചെയ്തതായി ആക്ഷേപമുയരുകയായിരുന്നു. ഇതോടെ പുനപ്പരിശോധനാ ഫലത്തില്‍ അപാകതയുണ്ടെന്നു കാണിച്ച് അയോഗ്യരാക്കപ്പെട്ടവര്‍ വകുപ്പുമന്ത്രിക്ക് പരാതി നല്‍കി. പരാതിയില്‍ മന്ത്രി വിശദീകരണം തേടി. ഇതേത്തുടര്‍ന്ന് ആരോപണവിധേയരായ അപേക്ഷകരുടെ പുനപ്പരിശോധന നടത്തിയ പേപ്പറുകള്‍ വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ വകുപ്പ് ലൈസന്‍സിങ് ഡിഐജി നല്‍കിയ ശുപാര്‍ശ മന്ത്രി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടില്ല. രജിസ്‌ട്രേഷന്‍ വകുപ്പ് ഐജി ഇല്ലാത്തതാണ് ഉത്തരവിറങ്ങാന്‍ താമസമെന്നാണ് അറിയുന്നത്. പുനപ്പരിശോധനാ ഫലം റദ്ദാക്കിയതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ആരോപണവിധേയമായ പേപ്പറുകള്‍ വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിച്ച് തീര്‍പ്പാക്കുന്നതുവരെ പുനപ്പരിശോധനാ ഫലം മരവിപ്പിച്ചു നിര്‍ത്താനാണ് തീരുമാനമെന്നും ഇക്കാര്യം സംബന്ധിച്ച് ഈ ആഴ്ചയില്‍ തന്നെ ഔദ്യോഗിക ഉത്തരവുണ്ടാകുമെന്നും രജിസ്‌ട്രേഷന്‍ വകുപ്പ് ലൈസന്‍സിങ് ഡിഐജി വി എം ഉണ്ണി തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top