ആദ്യ സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്തത് 60 പെണ്‍കുട്ടികള്‍

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തുടങ്ങാന്‍ മാതൃകയായത് മൗലാന ആസാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒരു യുവജനോല്‍സവം. ഇതില്‍ പങ്കെടുത്ത പ്രഗല്ഭ ശാസ്ത്രജ്ഞന്‍ ഡോ. ഡി എസ് വെങ്കിടേശ്വരനാണ് കേരളത്തിലും വിദ്യാര്‍ഥികളുടെ കലാമേള സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. ആദ്യ കലോല്‍സവം 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്നു. രൂപരേഖയൊന്നുമില്ലാതെ നടന്ന കലോല്‍സവത്തില്‍ 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണു പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മല്‍സരങ്ങള്‍.
അന്ന് കലോല്‍സവത്തിന് എത്തിയവര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ അടുക്കളപോലും ഉണ്ടായിരുന്നില്ല. ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചുകൊടുക്കുകയാണു ചെയ്തത്. മല്‍സരത്തിനെത്തുന്നവര്‍ക്ക് ബസ് ചാര്‍ജോ ട്രെയിന്‍ ടിക്കറ്റോ നല്‍കിയിരുന്നു. യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ നല്‍കിയത് ഒരുരൂപയാണ്.
ആദ്യ കലോല്‍സവം നടക്കേണ്ടിയിരുന്നത് തിരുവനന്തപുരം മോഡല്‍ സ്‌കൂളിലായിരുന്നു. അവസാന നിമിഷം ചില പ്രതികൂല സാഹചര്യങ്ങളാല്‍ മേള എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലേക്കു മാറ്റുകയായിരുന്നു. പ്രത്യേകം വേദികളൊന്നും നിര്‍മിച്ചിരുന്നില്ല. പകരം ക്ലാസ് മുറികളിലും ഹാളുകളിലുമായിരുന്നു മല്‍സരം. ഏറ്റവും കൗതുകകരം ആദ്യ കലോല്‍സവം നടന്നത് കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ നാളുകളിലാണെന്നതാണ്. തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളില്‍ തൊട്ടടുത്ത വര്‍ഷം കലോല്‍സവം നടത്തി. ആദ്യ കലോല്‍സവം ഒരൊറ്റ ദിവസം മാത്രമായിരുന്നെങ്കില്‍ രണ്ടാംവര്‍ഷത്തില്‍ മൂന്നു ദിവസമാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് ഓരോ വര്‍ഷവും കലോല്‍സവം പാടെ മാറി. നിയമങ്ങള്‍ പരിഷ്‌കരിച്ചു. അങ്ങനെയങ്ങനെ ഇന്നത്തെ കലയുടെ മാമാങ്കമായി മാറി. പതിനായിരത്തിലധികം മല്‍സരാര്‍ഥികളാണ് ഇപ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മാറ്റുരയ്ക്കുന്നത്. ഈ വര്‍ഷത്തെ കലോല്‍സവത്തിന് ജനുവരി 6 മുതല്‍ 10 വരെ തൃശൂരിലാണ് വേദിയൊരുങ്ങുന്നത്.

RELATED STORIES

Share it
Top