ആദ്യ സന്തോഷ് ട്രോഫി വിജയത്തിന്റെ ഓര്‍മയില്‍ അവര്‍ ഒത്തുകൂടി

കൊച്ചി: 14 വര്‍ഷത്തിനു ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടതിന്റെ ആഘോഷങ്ങള്‍ നാടെങ്ങും അവസാനിക്കാതെ തുടരുമ്പോള്‍ ആദ്യമായി ആ കിരീടം കേരളത്തിലേക്കെത്തിച്ചവര്‍ മഹാരാജാസ് കോളജ് മൈതാനത്ത് ഒരിക്ക ല്‍ക്കൂടി ഒത്തുകൂടി. 1973ല്‍ ഇതേ മൈതാനത്താണ് കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്ന് ഗോളിന് തോല്‍പിച്ച് കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. പിന്നീട് ആറുതവണ അതേ കിരീടം നേടിയെങ്കിലും ആദ്യ ചാംപ്യന്‍ഷിപ്പ് വിജയം കേരള കായികചരിത്രത്തില്‍ സുവര്‍ണലിപികളാലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയം വിക്ടറി ഡേ ആയി സര്‍ക്കാര്‍ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണ് ആദ്യകാല ടീമിലെ താരങ്ങളെ ആദരിച്ചത്. അന്ന് ടീമിലുണ്ടായിരുന്ന ടി എ ജാഫര്‍, കെ പി വില്യംസ്, ദേവാനന്ദ്, സി സി ജേക്കബ്, എം ആര്‍ ജോസഫ്, ബ്ലസി ജോര്‍ജ്, പി പൗലോസ്, എം മിത്രന്‍, സേവ്യര്‍ പയസ് എന്നിവര്‍ ഒരിക്കല്‍ക്കൂടി മഹാരാജാസ് മൈതാനമധ്യത്ത് ഒത്തുകൂടി പന്തു തട്ടി. ചരിത്രവിജയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അന്നത്തെ മുന്നേറ്റനിരതാരം സേവ്യര്‍ പയസിന് 48 വര്‍ഷത്തിനിപ്പുറവും ഓര്‍മകള്‍ക്ക് ലവലേശം മങ്ങലില്ല. ടച്ച്‌ലൈനിന് തൊട്ടുവെളിയില്‍ വരെ നിലത്തിരുന്നും മുളയില്‍ കെട്ടിപ്പൊക്കിയ താല്‍ക്കാലിക ഗാലറിയിലിരുന്നും പതിനായിരങ്ങളാണ് കളി കണ്ടത്. ഒരു അന്താരാഷ്ട്ര താരംപോലുമില്ലാതിരുന്ന, ഏവരും എഴുതിത്തള്ളിയ ടീമാണ് അന്ന് കിരീടം ഉയര്‍ത്തിയത്. ഫൈനലില്‍ ക്യാപ്റ്റന്‍ മണിയുടെ എണ്ണംപറഞ്ഞ മൂന്നു ഗോളുകളാണ് റെയില്‍വേസിനെ തുരത്തിയത്. അന്നു തുടങ്ങിയ സ്വീകരണപരിപാടികള്‍ ഇന്നും അവസാനിക്കാത്തത് ആ വിജയത്തിന്റെ പ്രാധാന്യത്തെയാണു സൂചിപ്പിക്കുന്നതെന്നും സേവ്യര്‍ പയസ് പറഞ്ഞു.
അന്നത്തെ കിരീടനേട്ടം കഴിഞ്ഞാല്‍ ഇത്തവണത്തെ നേട്ടമാണ് ഏറെ പ്രിയപ്പെട്ടത്. ബംഗാളിന്റെ മണ്ണില്‍ അവരെ മുട്ടുകുത്തിച്ചു നേടിയ വിജയത്തിന് തിളക്കമേറെയുണ്ടെന്നും സേവ്യര്‍ പയസ് ചൂണ്ടിക്കാട്ടി. സ്വീകരണച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ വി തോമസ് എംപി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസയ്ന്‍, മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് സംസാരിച്ചു.

RELATED STORIES

Share it
Top