ആദ്യ രക്തസാക്ഷികള്‍മരുഭൂമിയിലെ വസന്തം  ഭാഗം 3
ഇംതിഹാന്‍ ഒ അബ്ദുല്ല

മഞ്ഞു പെയ്യുന്ന തണുപ്പു കാലം. അന്തരീക്ഷത്തിലെ ഹിമകണങ്ങള്‍ അസ്തമന സൂര്യനെ സന്ധ്യക്കു മുമ്പേ മറച്ചിരിക്കുന്നു. തെരുവുകള്‍ വിജനമാവാന്‍ തുടങ്ങിയിരിക്കുന്നു. കച്ചവടക്കാര്‍ തങ്ങളുടെ ചരക്കുകളെടുത്തു വെച്ച് കടകളടക്കാനാരംഭിച്ചിരിക്കുന്നു.  ഇടയബാലന്‍മാര്‍ കാലികളെയുംക്കൊണ്ട് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. വൃദ്ധന്‍മാര്‍ വട്ടത്തിലിരുന്ന് തീ കായുന്നു. മക്കാനഗരത്തിലെ മഖ്‌സൂം ഗോത്രക്കാരുടെ വാസസ്ഥലത്തോട് ചേര്‍ന്ന് ജീര്‍ണിച്ച  ഒരു കുടിലില്‍  സുമയ്യ ബിന്‍ത് ഖയ്യാത് റൊട്ടി ചുട്ടെടുക്കുകയാണ്. അതിശൈത്യം കാരണം അടുപ്പ് കത്തിപ്പിടിക്കുന്നില്ല. വേഗത്തില്‍ ജോലി തീര്‍ക്കാനുദ്ദേശിച്ച അവര്‍ക്ക് തണുപ്പ് വിനയായിരിക്കുന്നു.  ജോലിക്ക് പോയ ഭര്‍ത്താവിന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ് അവര്‍. ഇടക്കിടെ കുടിലിനു പുറത്തേക്കു വന്ന് ഭര്‍ത്താവിന്റെ തലവെട്ടം കാണുന്നണ്ടോയെന്ന് വഴിയിലേക്ക് ഉറ്റുനോക്കുന്നുണ്ട്. സാധാരണ ഗതിയില്‍ യാസിര്‍ ഇതിനകം എത്തേണ്ടതാണ്. പക്ഷെ എന്തുകൊണ്ടോ അയാള്‍ പതിവിലും വൈകിയിരിക്കുന്നു. ഇന്നവര്‍ക്ക് ഭര്‍ത്താവ് യാസിര്‍ബ്‌നു ആമിറിനോട് വളരെ നിര്‍ണായകമായ ഒരു വാര്‍ത്ത കൈമാറാനുണ്ട്. അതിനാണ് അവര്‍ ഇത്ര ആകാംക്ഷാപൂര്‍വ്വം ഭര്‍ത്താവിനെ കാത്തിരിക്കുന്നത്. ജോലി കഴിഞ്ഞ് നേരത്തേ തിരിച്ചെത്തിയ മകന്‍ അമ്മാറുബ്‌നുയാസിറാണ് അവരുടെ ജീവിതത്തെ തന്നെ ആകെ കീഴ്‌മേല്‍ മറിക്കാന്‍ പോന്ന ഉദ്വേഗജനകമായ ആ വാര്‍ത്ത സുമയ്യക്ക് കൈമാറിയത്.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സുമയ്യ അടിമയായിരുന്നു. പിതാവ് ഖയ്യാതും മാതാവും അടിമകള്‍. ചെറുപ്പത്തിലേ അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ട് മാതാപിതാക്കളില്‍ നിന്നും അകറ്റപ്പെട്ടു. കാലികളെപ്പോലെ പലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ട് യൗവനാരംഭത്തില്‍ ഒടുവില്‍ മക്കയിലെ മഖ്‌സൂം കുടുംബ തലവന്‍ അബൂ ഹുദൈഫത്ബ്‌നുല്‍ മുഗീറയുടെ അധീനതയിലെത്തിച്ചേര്‍ന്നു. ആയിടക്കാണ്  യമന്‍ സ്വദേശികളായ മൂന്നു സഹോദരങ്ങള്‍ അബൂഹുദൈഫയുടെ അതിഥികളായെത്തുന്നത്. അതിഥികളെ പരിചരിക്കുന്ന ഉത്തരവാദിത്വം ആതിഥേയന്‍ സമുയ്യയെ ഏല്‍പിച്ചു. സുമയ്യയുടെ വശ്യമായ പെരുമാറ്റം സഹോദരങ്ങളിലൊരാളായ യാസിറുബ്‌നു ആമിറിന് നന്നേ ബോധിച്ചു. എത്രത്തോളമെന്നാല്‍ സുമയ്യയില്ലാതെ ഇനിയൊരു ജീവിതമില്ലെന്ന് യാസിര്‍ തീരുമാനിച്ചു. സുമയ്യക്കു വേണ്ടി ജന്മനാടും  സ്വന്തക്കാരെയും ഉപേക്ഷിക്കാനും യാസിര്‍ തയ്യാറായി. അബൂഹുദൈഫയുടെ അനുവാദത്തോടെ സുമയ്യയെ വിവാഹം കഴിച്ച് യാസിര്‍ മക്കയില്‍ തന്നെ താമസമാരംഭിച്ചു. വര്‍ഷങ്ങള്‍ കടന്നു പോയി. യാസിര്‍ സുമയ്യ ദമ്പതികള്‍ക്ക് ജനിച്ച മകന്‍ അമ്മാര്‍ വളര്‍ന്നു വലുതായി. അബൂഹുദൈഫ മരണപ്പെടുന്നതിന് മുമ്പ് സുമയ്യ സ്വതന്ത്രയായി. എന്നിരുന്നാലും യാസിര്‍ കുടംബത്തിന്റെയും മുന്‍ അടിമകളായ അയല്‍ക്കാരുടേയും ജീവിതം അടിമകളുടേതില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല. അബൂഹുദൈഫ മരണപ്പെട്ടെങ്കിലും ഇപ്പോഴും മഖ്‌സൂം കുടുംബത്തിന് വിധേയപ്പെട്ടു കൊണ്ട് മാത്രമേ ജീവിക്കാനാവൂ. അവരുടെ ഇംഗീതത്തിന് വിരുദ്ധമായി ഒന്ന് അനങ്ങാന്‍ പോലും സാധ്യമല്ല. അവര്‍ക്കു വേണ്ടി രാപകലന്തിയോളം എല്ലുമുറിയെ പണിയെടുത്താല്‍ പോലും അര്‍ഹമായ പ്രതിഫലം ചോദിക്കാന്‍ പാടില്ല. അവര്‍ക്കു മനസ്സുണ്ടെങ്കില്‍ പ്രതിഫലമായി തുഛമായ സംഖ്യയോ ഏതാനും ഈത്തപ്പഴമോ നല്‍കും. ഇല്ലെങ്കില്‍ അതുമില്ല. അവര്‍ നല്‍കുന്നത് കൊണ്ട് തൃപ്തിപ്പെട്ടു കൊളളണം. ഇല്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനമേല്‍ക്കാനായിരിക്കും വിധി. സ്ത്രീകള്‍ക്കാവട്ടെ യാതൊരു സുരക്ഷിതത്വവുമില്ല. അവരുടെ വ്യക്തിത്വത്തിന് ഒരു വിലയും കല്‍പിക്കപ്പെട്ടിരുന്നില്ല. അവര്‍ യജമാനന്‍മാരുടെ കയ്യിലെ കളിപാവകള്‍ മാത്രമായിരുന്നു. തലമുറകളായി തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ദുരിതത്തിന് എന്നാണ് ഒരന്ത്യമുണ്ടാവുക എന്ന് സുമയ്യയും കുടുംബവും പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. ചുറ്റിലും വ്യാപിച്ചു കിടക്കുന്ന അന്ധകാരത്തെ അകറ്റുന്ന ഒരു സൂര്യോദയത്തെ അവര്‍ ഒരു പാട് പ്രതീക്ഷിച്ചിട്ടുണ്ട്. മറ്റുളളവരുടെ അതേ അവകാശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കുന്ന, തങ്ങളുടെ അഭിമാനവും സ്വത്തും സംരക്ഷിക്കപ്പെടുന്ന, അക്രമിക്ക് ശിക്ഷയും മര്‍ദ്ദിതന് നീതിയും ആശ്വാസവും കിട്ടുന്ന ഒരു വ്യവസ്ഥിതി പുലര്‍ന്നു കാണാന്‍ അവര്‍ ഏറെ കൊതിച്ചിട്ടുണ്ട്.
ഒരു പുതിയ പ്രഭാതത്തെക്കുറിച്ച്  യാസിര്‍ കുടുംബം ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന്റെ പ്രബോധനത്തെക്കുറിച്ച് അമ്മാര്‍ കേള്‍ക്കുന്നത്. താന്‍ അല്ലാഹുവിന്റെ ദൂതനാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നതത്രെ.  ജോലിസ്ഥലത്തു വെച്ച് യജമാനന്‍മാര്‍ തമ്മിലുളള സംഭാഷണങ്ങളിലൂടെയാണ് അമ്മാര്‍ പ്രവാചകനെക്കുറിച്ച് കേള്‍ക്കുന്നത്. ഖുറൈശി പ്രമാണിമാരായ തങ്ങളും  ഏഴകളായ തങ്ങളുടെ അടിമകളും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്നും എല്ലാവരും ഒരേ പിതാവിന്റെയും മാതാവിന്റെയും സന്താനങ്ങളായ സഹോദരന്‍മാര്‍ മാത്രമാണെന്നും പ്രബോധനം ചെയ്യുന്ന പ്രവാചകനെ കടുത്ത ഭാഷയിലാണ് അവര്‍ ഭല്‍സിക്കുന്നത്. മുഹമ്മദിന്റെ പ്രബോധനമെങ്ങാനും വിജയിക്കുന്ന പക്ഷം ഇന്നലെ വരെ തങ്ങളുടെ നേരെ മുഖമുയര്‍ത്തി നോക്കാന്‍ പോലും ധൈര്യപ്പെടാതിരുന്ന അടിമകളും മറ്റ് ദുര്‍ബലരും തങ്ങളുടെ തലക്കു മുകളിലൂടെ നിരങ്ങുമെന്നും അതിനാല്‍ വല്ല വിധേനയും ആ പ്രസ്ഥാനത്തെ മുളയിലേ നുളളമെന്നുമായിരുന്നു അവരുടെ സംസാരത്തിന്റെ ആകത്തുക. അമ്മാര്‍ ചിന്തിച്ചു  തങ്ങള്‍ ഏറെ നാളായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാചകങ്ങളാണ് അദ്ദേഹം പ്രബോധനം ചെയ്യുന്നത്. ഏതായിരുന്നാലും ഇനി ആലോചിക്കാനില്ല, ഇന്നു തന്നെ അദ്ദേഹത്തെ പോയി കാണുക തന്നെ. അര്‍ക്കമുബിന്‍അര്‍ക്കമിന്റെ വസതിയായ ദാറുല്‍ അര്‍ക്കം കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നു കേട്ടിട്ടുണ്ട്. പക്ഷെ പരസ്യമായി  അങ്ങോട്ടു ചെന്നു കൂടാ, ആരെങ്കിലും കണ്ടാല്‍ അപകടമാണ്. മധ്യാഹ്ന സമയത്ത് എല്ലാവരും വിശ്രമത്തിനായി പിരിഞ്ഞപ്പോള്‍ പാത്തും പതുങ്ങിയും അമ്മാര്‍ അവിടെ എത്തി പ്രവാചകനുമായി സന്ധിച്ചു. സൃഷ്ടാവായ അല്ലാഹുവിന് പകരം സൃഷ്ടികളുടെ അടിമകളാകുന്നതിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് പ്രവാചകന്‍ അമ്മാറിനെ ബോധ്യപ്പെടുത്തി. പ്രവാചകന്റെ സംസാരവും കളങ്കമശേഷമില്ലാത്ത അദ്ദേഹത്തിന്റെ മുഖവും അമ്മാറിന്റെ മനസ്സിനെ കീഴടക്കി. ദാഹിച്ചു വലയുന്നവന് തീര്‍ത്ഥജലം കിട്ടിയ പ്രതീതി.  ഒട്ടും താമസിച്ചില്ല. അമ്മാര്‍ വിശ്വാസം സ്വീകരിച്ചു. ഒരു പുതിയ സാമ്രാജ്യം വെട്ടിപ്പിടിച്ചതു പോലത്തെ സന്തോഷത്തിലായിരുന്നു അമ്മാര്‍.  ഒട്ടും സമയം കളയാതെ അദ്ദേഹം വീട്ടിലെത്തി. തങ്ങള്‍ കാത്തിരുന്ന സൂര്യോദയം സമാഗതമായ വിവരം മാതാപിതാക്കളെ അറിയിക്കുകയും അവരെക്കൂടി ആ ദിവ്യപ്രകാശത്തിലേക്ക് ക്ഷണിക്കുകയുമാണ് ലക്ഷ്യം. അമ്മാര്‍ വീട്ടിലെത്തിയപ്പോള്‍ പിതാവ് വീട്ടിലെത്തിയിട്ടില്ല. എങ്കിലും മാതാവിനെ വിശദമായി കാര്യങ്ങള്‍ കേള്‍പ്പിച്ചു. എല്ലാം കേട്ടപ്പോള്‍ സുമയ്യക്ക് ഒന്നേ പറയാനുണ്ടായിരുന്നുളളൂ. തങ്ങളെ മൃഗതുല്യമായ അവസ്ഥയില്‍ നിന്നും രക്ഷിക്കാനുളള അല്ലാഹുവിന്റെ മോചനമാര്‍ഗവും കാരുണ്യവുമാണ് ഈ പ്രവാചകന്‍. ഭര്‍ത്താവിന്റെ ആഗമനത്തിന് കാത്തുനിന്ന് അവര്‍ സമയം കളഞ്ഞില്ല. അവര്‍ ശഹാദത്ത് ചൊല്ലി വിശ്വാസം സ്വീകരിച്ചു.
യാസര്‍ അന്ന് ജോലി കഴിഞ്ഞ് നേരെ കഅ്ബാപ്രദക്ഷിണത്തിനായി ഹറമിലേക്ക് പോയതായിരുന്നു. തലേന്ന് രാത്രി കണ്ട സ്വപ്നം യാസറിന്റെ മനസ്സിനെ ഏറെ മഥിച്ചിരുന്നു. സാധാരണ സ്വപ്‌നങ്ങളെ പോലെ ആ സ്വപ്‌നദൃശ്യം നേരം പുലര്‍ന്നിട്ടും മനസ്സില്‍ നിന്നും മാഞ്ഞുപോയില്ല. ജോലിസ്ഥലത്തും ആ സപ്‌നം അയാളെ അലട്ടിക്കൊണ്ടിരുന്നു. അതിനാല്‍ അസ്വസ്ഥമായ മനസ്സിന് അല്‍പം ശാന്തി ലഭിക്കാനായിരുന്നു ഹറമിലേക്കുളള യാത്ര. കഅ്ബാ പ്രദക്ഷിണ വേളയിലും യാസിറിന്റെ മനസ്സു നിറയെ സ്വപ്‌നദൃശ്യം അലട്ടി. പകല്‍ വെളിച്ചത്തു കണ്ട പോലെ ആ രംഗം യാസിറിന്റെ മനസ്സിലേക്ക് വരികയും പരിഭ്രമിപ്പിക്കുകയും ചെയ്യുന്നു. യാസര്‍  വലിയ ഒരു താഴവരയില്‍ നില്‍ക്കുന്നു. താഴവരയുടെ രണ്ടറ്റത്തും ഉയര്‍ന്ന മലകള്‍. മലമുകളില്‍ കത്തിജ്വലിക്കുന്ന തീ ലാവ പോലെ താഴേക്ക് ഒഴുകിവരുന്നു. താഴവരയുടെ വിദൂരമായ അറ്റത്തുളള മരുപ്പച്ചയില്‍ ശുദ്ധജലതടാകങ്ങളുണ്ട്. സുമയ്യ യൗവനം വീണ്ടെടുത്ത് സുന്ദരിയായി പ്രകാശിക്കുന്ന മുഖത്തോടെ അവിടെയുണ്ട്. അവര്‍ യാസിറിനെ മാടിവിളിക്കുന്നുമുണ്ട്. മകന്‍ അമ്മാറാകട്ടെ പിറകില്‍ നിന്ന് തീ ചാടിക്കടന്ന് മരുപ്പച്ചയില്‍ എത്താന്‍ യാസിറിനെ പ്രേരപ്പിക്കുന്നു. യാസറിന്  സ്വപ്‌ന ദൃശ്യത്തിലെ തീ അപ്പോഴും തന്നെ ഉഷ്ണിപ്പിക്കുന്നതായി അനുഭവപ്പെട്ടു.
നല്ല ക്ഷീണം അനുഭവപ്പെട്ട യാസര്‍ അല്‍പം ആശ്വാസം ലഭിക്കുന്നതിനായി  സംസം കിണറിനരികിലേക്ക് ചെന്നു. പുണ്യ തീര്‍ത്ഥം കുടിക്കുകയും തലവഴി ഒഴിക്കുകയും ചെയ്തു. അപ്പോഴാണ് അബൂജഹല്‍(അംറുബ്‌നു ഹിശാം) അതുവഴി കടന്നു വന്നത്. സംസം തല വഴി ഒഴിക്കുന്ന യാസിറിനെ കണ്ട അബൂജഹല്‍ ചീറിയടുത്തുക്കൊണ്ട് ചോദിച്ചു: എന്താണ് താനും മകനെപ്പോലെ പുതിയ മതത്തിലേക്ക് ജഞാനസ്‌നാനം ചെയ്യുകയാണോ? യാസിറിന് ഒരു എത്തും പിടിയും കിട്ടിയില്ല. അബൂഹുദൈഫയുടെ മരണ ശേഷവും യാസിറും കുടുംബവും മഖ്‌സൂം കുടുംബവുമായി നല്ല ബന്ധം നിലനിര്‍ത്തിപ്പോരുന്നുണ്ട്. മഖ്‌സൂം കുടുംബത്തിനോ ഖുറൈശികള്‍ക്കോ അനിഷ്ടകരമായ ഒന്നും തന്നെ തങ്ങള്‍ അനുവര്‍ത്തിക്കാറില്ല. പക്ഷെ ഇന്ന് അംറുബ്‌നു ഹിശാം ഇങ്ങനെ പെരുമാറാന്‍ കാരണമെന്ത്? എന്താണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം. വിനയത്തോടെ യാസിര്‍ തിരിച്ചു ചോദിച്ചു. എന്താണ് അങ്ങുദ്ദേശിക്കുന്നത്? എന്റെ മകന്‍ എന്തു തെറ്റാണ് ചെയ്തിരിക്കുന്നത്? മറുപടിയായി അബൂജഹല്‍ ചീറി: നീയെന്താ  ഞങ്ങളെ കുരങ്ങു കളിപ്പിക്കുകയാണോ? ഞങ്ങളാരും ഒന്നും അറിഞ്ഞില്ലെന്നാണോ നിന്റെ ധാരണ. നിന്റെ മകന്‍ മുഹമ്മദിനൊപ്പം ചേര്‍ന്ന് ഞങ്ങളുടെ ദൈവങ്ങളെ തളളിപ്പറഞ്ഞിരിക്കുന്നു. അവനോട് വേഗം പൂര്‍വ്വിക മതത്തിലേക്കു തന്നെ തിരിച്ചു വരാന്‍ പറഞ്ഞേക്ക്! ഇനി നീയും അവന്റെ കൂടെ കൂടാനാണ് ഭാവമെങ്കില്‍ ഒറ്റ ഒന്നിനെയും വച്ചേക്കില്ല. ചുട്ടു കളയും എല്ലാത്തിനേയും.  യാസര്‍ ഞെട്ടിത്തരിച്ചുപ്പോയി. തല ചിന്നഭിന്നമാവുന്നതു പോലെ. അബൂജഹല്‍ പോയി അല്‍പ സമയം കഴിയേണ്ടി വന്നു യാസിറിന് സ്ഥലകാല ബോധം ലഭിക്കാന്‍. എന്താണ് താന്‍ കേട്ടത്. പരദേശിയാണ് താന്‍. ഭാര്യയാകട്ടെ മഖ്‌സൂം കുടുംബത്തിന്റെ ഔദാര്യത്തില്‍ അടിമത്വ മോചനം ലഭിച്ചവളും. അങ്ങനെയുളള തങ്ങളുടെ മകന്‍ ഖുറൈശി പ്രമാണിമാരെ പ്രകോപിപ്പിക്കാന്‍ ധൈര്യപ്പെട്ടിരിക്കുന്നു. എന്താണ് അവന് സംഭവിച്ചിരിക്കുന്നത് ബുദ്ധി മറഞ്ഞു പോയോ.
യാസര്‍ നേരെ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയപ്പോള്‍ ഉമ്മറപ്പടിയില്‍ തന്നെ ഭാര്യയും മകനും തന്നെയും കാത്തു നില്‍ക്കുന്നു. ഇരുവരുടെയും മുഖം പ്രകാശപൂരിതമാണ്. ഇത്രയും സന്തോഷത്തില്‍ അവരെ കണ്ടതായി ഓര്‍ക്കുന്നില്ല. 'അബൂ അമ്മാര്‍ സന്തോഷിക്കൂ, നമ്മുടെ ദുരിതങ്ങളെല്ലാം തീരാന്‍ പോകുന്നു.'-   യാസിറിനെ കണ്ടപാടെ സുമയ്യ പറഞ്ഞു. 'ഉപ്പാ,നമുക്ക് നല്ല കാലം വന്നിരിക്കുന്നു'- യാസര്‍ വിളിച്ചു പറഞ്ഞു. ക്ഷുഭിതനായി വീട്ടിലേക്ക് കടന്നു വന്ന യാസിറിന് ഭാര്യയുടെയും മകന്റെയും സംസാരവും ഭാവവും ഉള്‍ക്കൊളളാനായില്ല. എന്തു നല്ല  കാലമാണ് നിങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഖുറൈശി പ്രമാണിമാരെ മുഴുവന്‍ ശത്രുക്കളാക്കിയാണോ നീ നമുക്ക് നല്ല കാലം കൊണ്ട് വരുന്നത് യാസിര്‍ തിരിച്ചു ചോദിച്ചു. അമ്മാര്‍ പിതാവിന് കാര്യങ്ങള്‍ സാവകാശം വിശദീകരിച്ചു കൊടുത്തു. സര്‍വ്വ ലോക സൃഷ്ടാവായ അല്ലാഹുവിന്റെ ദൂതനായി പ്രവാചകന്‍ നിയോഗിതനായിരിക്കുന്നത് മനുഷ്യരെ മറ്റുളളവരുടെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനും അവരുടെ മുതുകുകളെ ഞെരിച്ചുക്കൊണ്ടിരിക്കുന്ന ഭാരം ഇറക്കി വെച്ച് അവര്‍ക്ക് ആശ്വാസം പകരാനാണെന്നും മനസ്സിലാക്കി കൊടുത്തു. മൃഗങ്ങളുടേതിന് സമാനമായ നിരര്‍ത്ഥകമായ ജീവിതം നയിക്കുന്ന തങ്ങള്‍ക്ക് സ്വാര്‍ത്ഥകമായ ഇഹലോകവും അതിനേക്കാള്‍ ഉത്തമവും ശ്വശ്വതവുമായ പരലോകവും ഉറപ്പു നല്‍കുന്ന ഒരു വ്യവസ്ഥിതിയാണ് യാസര്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യാസിറിന് ആശ്വാസമായി. പ്രവാചകനെ കണ്ട് ബൈഅത്ത്(അനുസരണപ്രതിജ്ഞ) ചെയ്ത് മകനോടൊപ്പം വിശ്വാസപാതയില്‍ ജീവിക്കാന്‍ തിടുക്കവും.
നേരം പുലരുന്നതിനു മുമ്പേ യാസിറും കുടുംബവും പ്രവാചകനുമായി സന്ധിച്ചു തിരിച്ചെത്തി. അതീവരഹസ്യമായിട്ടായിരുന്നു യാത്ര. പക്ഷെ ഖുറൈശി ചാരന്‍മാര്‍ വിവരം മണത്തറിഞ്ഞു. യാസിര്‍ കുടുംബത്തിന്റെ ഇസലാം ആശ്ലേഷണം നാടെങ്ങും പാട്ടായി. തങ്ങളുടെ മുഖത്ത് ചെളിവാരി എറിയപ്പെട്ട് അപമാനിതരായതു പോലെയാണ് മഖ്‌സൂം കുടുംബത്തിന് അനുഭവപ്പെട്ടത്. ക്രൂരമായ പീഡനങ്ങളുടെ പരമ്പരയായിരുന്നു പിന്നീടങ്ങോട്ട്. അബൂജഹലിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം യാസിര്‍ കുടുംബത്തെ മുഴുവന്‍ ചങ്ങലയില്‍ ബന്ധിച്ചു. വീടിന് തീവെച്ചു. അന്നേ ദിവസം ഇരുട്ടുന്നതു വരെ മൂന്നു പേരേയും നിരന്തര മര്‍ദ്ദനത്തിന് വിധേയരാക്കി.
പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ തന്നെ അബൂജഹല്‍ ഒരു സംഘത്തെയും കൊണ്ടു വന്നു. മൂന്നു പേരേയും തുറസ്സായ ഒരു മൈതാനിയില്‍ നിര്‍ത്തി. യാസിര്‍ കുടുംബത്തിന്റെ മതംമാറ്റ വാര്‍ത്തയും അബൂജഹലിന്റെ പ്രതികാര നടപടികളും നാടെങ്ങും പരന്നിരുന്നു. അതിനാല്‍ തന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ ആബാലവൃദ്ധം ജനങ്ങള്‍ മൈതാനത്ത് തടിച്ചു കൂടിയിരുന്നു. അബൂജഹല്‍ യാസിറിനോടും കുടുംബത്തോടും ചോദിച്ചു എന്താണ് നിങ്ങളുടെ തീരുമാനം, നിങ്ങള്‍ മുഹമ്മദിനൊപ്പമോ അതോ ഞങ്ങള്‍ക്കൊപ്പമോ. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്(സ) അവന്റെ ദൂതനാണെന്നും ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നുവെന്ന് മൂന്നു പേരും ഏക സ്വരത്തില്‍ പറഞ്ഞു. അബൂജലിന് കോപം ഇരച്ചു കയറി. താന്‍ മുഴുവന്‍ ജനങ്ങള്‍ക്കും മുമ്പില്‍ താന്‍ അപമാനിതനായതായി അയാള്‍ക്ക് അനുഭവപ്പെട്ടു. അയാള്‍ ചാട്ടവാറു കൊണ്ട് അവരെ തുരുതുരാ അടിച്ചു. തല്ലിയതു കൊണ്ട് താന്‍ ക്ഷീണിക്കുകയല്ലാതെ അടിയേറ്റ് ദേഹം മുഴുവന്‍ ചോര പൊടിഞ്ഞിട്ടും മൂന്നുപേരുടേയും നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നു കണ്ട അബൂജഹല്‍  ഇരുമ്പ് പഴുപ്പിച്ച് മൂന്നു പേരേയും ചൂടുവെക്കാന്‍ കല്‍പിച്ചു. ചുട്ടു പഴുത്ത ഇരുമ്പ് കഷണങ്ങള്‍ ശരീരം പൊളളിച്ചപ്പോഴും യാസിര്‍ കുടംബം തരിമ്പും പിന്‍മാറിയില്ല.
പരാജിതനും അപമാനിതനുമായി അബൂജഹല്‍ അന്ന് വീട്ടിലേക്ക് മടങ്ങി. സന്ധ്യാസമയത്ത് പ്രവാചകന്‍  യാസിര്‍ കുടുംബത്തെ സന്ദര്‍ശിച്ചു. പ്രവാചകനെ കണ്ട അവര്‍ തങ്ങളുടെ വേദനകളും പ്രയാസങ്ങളും അദ്ദേഹത്തോട് പങ്കുവെച്ചു. അവര്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകന്‍ അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: യാസിര്‍ കുടുംബമേ ക്ഷമിക്കുക. നിങ്ങള്‍ക്കുളള വാഗ്ദാനം സ്വര്‍ഗമാകുന്നു. പ്രവാചകന്റെ വാക്കുകള്‍ അവര്‍ക്ക് ആശ്വാസം നല്‍കി. ശശ്വതമായ സ്വര്‍ഗത്തിനു വേണ്ടി ഭൂമിയില്‍ എന്തു കഷ്ടനഷ്ടങ്ങളും സഹിക്കാന്‍ തയ്യാറാണെന്നവര്‍ ഉറപ്പിച്ചു. ശരീരത്തിനേറ്റ ഭീകരമായ പരിക്കുകളാലും കൈകാലുകള്‍ ബന്ധിക്കപ്പെട്ടതിനാലും അവര്‍ക്ക്  ഉറങ്ങാന്‍ കഴിഞ്ഞില്ല. ക്ഷീണം കാരണം എപ്പോഴോ അല്‍പം മയങ്ങി.
അബൂജഹലിന്റെ അട്ടഹാസമാണ് അവരെ ഉണര്‍ത്തിയത്.  മുറിവേറ്റ സിംഹത്തെപ്പോലെ കുദ്ധ്രനായിരുന്നു അയാള്‍. ഇന്ന് രണ്ടാലൊന്ന് അറിഞ്ഞേ തീരൂ എന്നയാള്‍ തലേ രാത്രി ദൃഢപ്രതിജ്ഞ ചെയ്തിരുന്നു. ഒന്നുകില്‍ യാസിറും കുടുംബവും തങ്ങളുടെ പുത്തന്‍ മതത്തില്‍ നിന്ന് പിന്‍മാറുക. അല്ലെങ്കില്‍ അവരുടെ കഥ തീര്‍ക്കുക. എന്തു തന്നെയായാലും തങ്ങളുടെ ദൈവങ്ങളെ അംഗീകരിക്കുന്ന ഒരു വാക്കെങ്കിലും അവരെക്കൊണ്ട് ഇന്ന് പറയിപ്പിച്ചേ അടങ്ങൂ എന്നയാള്‍ ഉറപ്പിച്ചിരുന്നു. തലേ ദിവസത്തേതു പോലെ മൂവരേയും മൈതാനിയില്‍  ക്കൊണ്ട് വന്നു കിടത്തി. ആദ്യം ഭാരമേറിയ കല്ലുകള്‍ നെഞ്ചത്ത് കയറ്റിവെച്ചു,ചാട്ടവാറുകള്‍ ഉയര്‍ന്നു താഴ്ന്നു. മര്‍ദ്ദനം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ എന്താണ് തീരുമാനമെന്നന്വേഷിച്ചു. ഏതു കൊടിയ മര്‍ദ്ദകനു മുമ്പിലും തങ്ങളുടെ വിശ്വാസം അടിയറവ് പറയില്ലെന്ന യാസിര്‍ കുടുംബത്തിന്റെ മറുപടി അബൂജഹലിനെ വിറളിപിടിപ്പിച്ചു. ഇരുമ്പ് പഴുപ്പിച്ച് അവരെ കിടത്താന്‍ അയാള്‍ തന്റെ അനുയായികളോട് കല്‍പിച്ചു. എന്നാല്‍ ചുട്ടു പഴുത്ത ഇരുമ്പിനും അവരെ പിന്മാറ്റിക്കാനായില്ല. ഒടുവില്‍  അബൂജഹല്‍  തന്റെ കുന്തവുമായി നേരിട്ടിറങ്ങി. ഒരു സ്ത്രീ ആയ സുമയ്യയെ പോലും പിന്‍മാറ്റിക്കാന്‍ കഴിയാതെ താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നയാള്‍ക്ക് തോന്നി. സുമയ്യയുടെ നേരെ കുന്തം നീട്ടി അബൂജഹല്‍ ചോദിച്ചു. അവസാനമായി ചോദിക്കുകയാണ് നീ ഞങ്ങളുടെ ദൈവങ്ങളെ  പുകഴ്ത്തിപ്പറയുന്നുണ്ടോ  ഇല്ലേ എന്ന് ഇപ്പോഴറിയണം.  ഇല്ലെങ്കില്‍ നീ ഇന്നു സൂര്യാസ്തമനം കാണുകയില്ല. പക്ഷെ, സുമയ്യയുടെ മറുപടി അബൂജഹലിനെ അങ്ങേയറ്റം നാണം കെടുത്തുന്നതായിരുന്നു. നീ ഞങ്ങളെ എന്തു വേണമെങ്കിലും ചെയ്‌തോളൂ. ഞങ്ങളെ തല്ലിക്കൊന്നാലും ശരി,ഞങ്ങള്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും  ഇലാഹായി അംഗീകരിക്കാന്‍ പോകുന്നില്ല.  അബൂജഹലിന് സമനില തെറ്റി. അയാള്‍ കുന്തമെടുത്ത് സുമയ്യയുടെ അടിവയറ്റിന് കുത്തി. സുമയ്യയുടെ മുറിവില്‍ നിന്നും  രക്തം ചീറ്റിയൊഴുകാന്‍ തുടങ്ങി. യാസിറും അമ്മാറും സ്തബ്ധരായി നോക്കിനിന്നു പോയി. അബൂജഹലിന്റെ കയ്യാല്‍ ഏതു നിമിഷവും അവര്‍ വധിക്കപ്പെട്ടേക്കുമെന്നവര്‍ക്കുറപ്പായിരുന്നു. പക്ഷെ അതിത്ര ക്രൂരമായ  രീതിയിലായിരിക്കുമെന്നവര്‍ കരുതിയിരുന്നില്ല. ബന്ധനസ്ഥരായതിനാല്‍ അവര്‍ക്ക് സുമയ്യയെ അവരുടെ അന്ത്യനിമിഷങ്ങളില്‍ ഒന്ന് തലോടാനോ ആശ്വസിപ്പിക്കാനോ സാധിച്ചില്ല. രക്തം വാര്‍ന്ന് അവശയായ സുമയ്യ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊണ്ട് കണ്ണടച്ചു. ഇസലാമിനു വേണ്ടിയുളള ആദ്യ രക്തസാക്ഷിത്വം. യാസിറിന് സ്വയം നിയന്ത്രിക്കാനായില്ല. അയാള്‍ അബൂജഹലിനെ നോക്കി അലറി, അല്ലാഹുവിന്റെ ശത്രു, ഞങ്ങളുടെ നാഥന്‍ ഏകനായ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നീ അവളെ കൊന്നു. പക്ഷെ അതു കൊണ്ട് നീ വിജയിച്ചു എന്നു കരുതേണ്ട. അവളെ കാത്തിരിക്കുന്നത് രക്തസാക്ഷികള്‍ക്കായി അല്ലാഹു ഒരുക്കിയിരിക്കുന്ന ശാശ്വതമായ സ്വര്‍ഗമാണ്.  സ്വര്‍ഗം ഇഹലോകത്തേക്കാളും അതിനുളളതിനേക്കാളുമൊക്കെ ഉത്തമമാകുന്നു. ഞങ്ങള്‍ക്കല്ലാഹു മതി. സുമയ്യയെ പേടിപ്പെടുത്തി അനുസരിപ്പിക്കാന്‍ കഴിയാത്തതില്‍ ക്രുധനായി നില്‍ക്കുകയായിരുന്നു അബൂജഹല്‍. ഒരു അടിമപ്പെണ്ണിനെ അനുസരിപ്പിക്കാന്‍ കഴിയാത്ത താന്‍ ഇനി എങ്ങനെ ജനങ്ങളുടെ മുമ്പില്‍ തലയുയര്‍ത്തി നടക്കും. യാസിറിന്റെ സംസാരം അയാളെ ഒന്നുകൂടി വെറളിപിടിപ്പിച്ചു. അയാള്‍ യാസിറിനെ തുരുതുരാ ചവിട്ടി തന്റെ അമര്‍ഷം തീര്‍ത്തു. അല്ലാഹ് അല്ലാഹ് എന്നു ചൊല്ലിക്കൊണ്ട് യാസിറും രക്തസാക്ഷിത്വം വരിച്ചു.
സുമയ്യയും യാസിറും മരണപ്പെട്ടെങ്കിലും അവരെക്കൊണ്ട്  അബൂജഹലിന് താന്‍ ഉദ്ദേശിച്ചതൊന്നും നടപ്പാക്കാനായില്ല. മൈതാനത്ത് തടിച്ചു കൂടിയ ജനങ്ങള്‍ക്ക് മുമ്പില്‍ അബൂജഹല്‍ പരാജിതനും യാസിറും സുമയ്യയും ഇസ്‌ലാമിന്റെ പേരിലുളള ആദ്യ ധീരരക്തസാക്ഷികളുമായിത്തീര്‍ന്നു. അപമാനിതനായ അബൂജഹല്‍ അമ്മാറിനെ ഗൗനിക്കാതെ സ്ഥലം വിട്ടു.

RELATED STORIES

Share it
Top