ആദ്യ പാദം സമാസമം; പൂനയെ സമനിലയില്‍ പൂട്ടി ബംഗളൂരുപൂനെ: ഐ എസ് എല്‍ 2017-18 സീസണിലെ ആദ്യ സെമി ഫൈനലിലെ ആദ്യ പാദ മല്‍സരം സമനിലയില്‍ അവസാനിച്ചു. പൂനെ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വച്ച് നടന്ന പൂനെ സിറ്റി - ബംഗളൂരു എഫ്‌സി  മല്‍സരം ഗോള്‍ രഹിതമായി അവസാനിക്കുകയായിരുന്നു.  മിക്കു, സുനില്‍ ഛേത്രി,  മാഴ്‌സലീഞ്ഞോ,ആല്‍ഫാരോ എന്നീ താരങ്ങള്‍ ഇരു ടീമിനും വേണ്ടി ജഴ്‌സിയണിഞ്ഞെങ്കിലും പൂനെ ശിവ ഛത്രപതി സ്‌റ്റേഡിയത്തില്‍ ഇവരുടെ കാലുകളില്‍ നിന്നും പന്ത് ഗോള്‍ വല തൊടാത്തത്  ഇരു ടീമിന്റെയും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. ഇടിവെട്ടു പാസുകള്‍ കൊണ്ട് ഇരു ടീമും ചിരവൈരികളെപ്പോലെ നിറഞ്ഞു കളിച്ചപ്പോള്‍ ഇരുടീമിന്റെ ഗോളികളും കാണികളുടെ ശ്രദ്ധയാകര്‍ശിച്ചു. എങ്കിലും തട്ടകത്ത് വച്ച് കളിക്കുന്നതിനാല്‍ പൂനെയായിരുന്നു ബംഗളൂരുവിനെക്കാള്‍ അല്‍പമെങ്കിലും മികച്ചു നിന്നത്. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രിയുടെ ഫ്രീ കിക്ക് വിഷാല്‍ കെയ്ത്ത് രക്ഷിച്ചത് ഒഴിച്ചാല്‍ ഇരുടീമുകളും കാര്യമായ അവസരങ്ങള്‍ ഒന്നും ഇന്നലെ സൃഷ്ടിച്ചില്ല.  മല്‍സരത്തിലെ 56ാം മിനിറ്റില്‍ പൂനെയുടെ മലയാളി താരം ആഷിഖ് കുരുണിയന് പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നു. 66ാം മിനിറ്റില്‍ ബംഗളൂരുവിന്റെ സ്‌ട്രൈക്കര്‍  മികച്ച ഷോട്ട് വലയിലേക്ക് ഉതിര്‍ത്തെങ്കിലും പൂനെയുടെ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് മികച്ച സേവോടെ  പൂനെയുടെ ജയമോഹം നിഷേധിച്ചു.  പിന്നീട് 75ാം മിനിറ്റില്‍ പൂനെ താരം ഐസക് വന്‍മല്‍സൗമയ്ക്ക് ബംഗളൂരു ഗോള്‍പോസ്റ്റിനടുത്തുവച്ച്  ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് തന്റെ വരുതിയിലാക്കാന്‍ താരത്തിന് കഴിയാത്തത് പൂനെയുടെ വിജയമോഹങ്ങള്‍ക്ക് വിരമാമിട്ടു. ബംഗളൂരു എഫ്‌സിയുടെ സീസണിലെ രണ്ടാം സമനില മാത്രമാണ് ഇത്. ഇരുടീമുകള്‍ തമ്മിലുള്ള രണ്ടാംപാദ സെമി ഫൈനല്‍ മാര്‍ച്ച് 11ന് ബംഗളൂരു എഫ്‌സിയുടെ തട്ടകത്തില്‍ വച്ച് നടക്കും.

RELATED STORIES

Share it
Top