ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി വൈദ്യുതി ബോര്‍ഡ്: മഴയും ശക്തമായ നീരൊഴുക്കും; ഇടുക്കി ഡാം തുറക്കാനൊരുങ്ങുന്നു

സി  എ  സജീവന്‍

തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന സൂചന നല്‍കി വൈദ്യുതി ബോര്‍ഡിന്റെ ജാഗ്രതാ മുന്നറിയിപ്പ്. തുലാവര്‍ഷ മഴക്കാലത്തല്ലാതെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമൊരുങ്ങുന്നത് ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമാണ്.
മഴയും നീരൊഴുക്കും തുടരുന്നതിനിടെ ജലനിരപ്പ് 2390.18 അടിയിലെത്തിയതിനെ തുടര്‍ന്നാണ് ആദ്യ വെള്ളപ്പൊക്ക ജാഗ്രതാ മുന്നറിയിപ്പ് നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തെ വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. 2395 അടിയില്‍ എത്തുമ്പോഴാണ് രണ്ടാമത് ജാഗ്രതാനിര്‍ദേശം നല്‍കുക. മഴ തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതുണ്ടാവും. 2400 അടിയിലെത്തിയാല്‍ മൂന്നാമതും മുന്നറിയിപ്പ് നല്‍കി അണക്കെട്ട് തുറന്നുവിടും. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 10 ദിവസത്തിനുള്ളില്‍ 10 അടി കൂടി ഉയരുമെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നത്. അതിനാല്‍ താഴ്‌വാരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. വൈദ്യുതി ബോര്‍ഡ് ഇത് മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
2403 അടിയാണ് പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. ഇതിനു മുമ്പ് കനത്ത തുലാവര്‍ഷത്തെ തുടര്‍ന്നാണ് അണക്കെട്ട് നിറഞ്ഞത്. മാത്രമല്ല, മുല്ലപ്പെരിയാറില്‍ നിന്നുള്ള അധികജലവും സ്പില്‍വേയിലൂടെ ഒഴുകിയെത്തിയിരുന്നു. 1981 ഒക്ടോബര്‍ 22, 1992 ഒക്ടോബര്‍ 11 എന്നീ തിയ്യതികളിലാണ് ഇടുക്കി ഡാം തുറന്നുവിട്ടത്. 2013 നവംബറില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയെത്തിയ വേളയില്‍ സ്പില്‍വേയിലൂടെ ജലം ഡാമിലെത്തിയതോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.
മുല്ലപ്പെരിയാറിലും ജലനിരപ്പ് 136 അടി കഴിയുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് 2400 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി എസ് ബാലു പറഞ്ഞു. ഇടുക്കി പദ്ധതിപ്രദേശത്ത് 9.4 സെന്റിമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയ്യാറെടുപ്പും തുടങ്ങുന്നതിനാണ് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അടിയന്തര ഒരുക്കങ്ങളുടെ ഭാഗമായി അണക്കെട്ടിനു സമീപം കണ്‍ട്രോള്‍ റൂം തുറക്കും. അരമണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് രേഖപ്പെടുത്തും. ബുധനാഴ്ച ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വാഴത്തോപ്പില്‍ യോഗം ചേര്‍ന്നു സ്ഥിതിഗതി വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച അന്തിമനടപടികള്‍ക്കായി വൈദ്യുതി ബോര്‍ഡിന്റെ യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

RELATED STORIES

Share it
Top