ആദ്യ ജയം തേടി ബ്രസീല്‍

മോസ്‌കോ: അഞ്ച് ലോകകപ്പ് സ്വന്തമാക്കി ആദ്യ മല്‍സരത്തിലിറങ്ങി സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1ന്റെ സമനില വഴങ്ങിയ ബ്രസീല്‍ രണ്ടാം അങ്കത്തിന് സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ ഇന്നിറങ്ങുന്നു. ആദ്യ മല്‍സരത്തില്‍ സെര്‍ബിയയോട് 1-0ന്റെ അട്ടിമറി നേരിട്ട കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തില്‍ നിരന്തരം ഫൗളുകള്‍ വഴങ്ങേണ്ടി വന്ന സൂപ്പര്‍ താരം നെയ്മര്‍ പരിശീലനത്തിനിറങ്ങിയത് ടീമിന് ഗുണം ചെയ്യും.
യോഗ്യതാ റൗണ്ടില്‍ 41 ഗോളുകള്‍ വാരിക്കൂട്ടിയ ബ്രസീല്‍ ആദ്യ മല്‍സരത്തില്‍ കളിമറന്ന് കളിക്കുകയായിരുന്നു. ഇവിടെ ബാഴ്‌സലോണ താരം ഫിലിപ് കോട്ടീഞ്ഞോയുടെ ഒറ്റ ഗോള്‍ മികവിലാണ് ടീം കഷ്ടിച്ച് രക്ഷപ്പെട്ടത്. ഗ്രൂപ്പ് ഇയില്‍ സെര്‍ബിയക്കെതിരായ അവസാന മല്‍സരത്തില്‍ സമ്മര്‍ദമേതുമില്ലാതെ കളത്തില്‍ നിറഞ്ഞാടണമെങ്കില്‍ ടീമിന് ഇന്ന് ജയിച്ചേ തീരൂ. കരിയറിലുടനീളം ബ്രസീലും കോസ്റ്റാറിക്കയും നേര്‍ക്കുനേര്‍ വന്ന 10 പോരാട്ടത്തില്‍ ഒമ്പതും ജയിച്ചതിന്റെ റെക്കോഡ് തിളക്കവുമായാണ് ബ്രസീല്‍ കൈലര്‍ നവാസിന്റെ സംഘത്തെ നേരിടാനൊരുങ്ങുന്നത്. അവസാനമായി 2015ലെ സൗഹൃദ മല്‍സരത്തില്‍ ഇരുടീമും പോരാടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ തിളക്കം മുന്‍ ലോക ചാംപ്യന്‍മാര്‍ക്കൊപ്പം നിന്നിരുന്നു. ലോകകപ്പിലും ഇരുടീമും രണ്ട് മല്‍സരങ്ങളില്‍ പരസ്പരം മാറ്റുരച്ചപ്പോള്‍ രണ്ടിലും ജയം ബ്രസീലിനൊപ്പമായിരുന്നു. ബ്രസീല്‍ അവസാനമായി കളിച്ച 23 മല്‍സരങ്ങളില്‍ ഒരു പരാജയം മാത്രമാണ് വഴങ്ങിയിട്ടുള്ളതെന്നതിനാല്‍ ടീമിന്റെ വിജയസാധ്യതയ്ക്ക് മറുത്തൊന്ന് ചിന്തിക്കേണ്ടതില്ല. എന്നാല്‍ കോസ്റ്റാറിക്ക അവസാനമായി കളിച്ച 11 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് വെന്നിക്കൊടി പാറിച്ചിട്ടുള്ളത്. ഈ കണക്കും കൂടി കൂട്ടിവായിക്കുമ്പോള്‍ ജയം ബ്രസീലിന്റെ തുലാസിലാവാനാണു സാധ്യത.
നിലവിലുള്ള ബ്രസീലിയന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അക്കൗണ്ടിലാക്കിയവരില്‍ മുന്‍പന്തിയില്‍ ഗബ്രിയേല്‍ ജീസസ് നില്‍ക്കുമ്പോള്‍ നെയ്മറിനും കോട്ടീഞ്ഞോയ്ക്കുമൊപ്പം ആരാധകര്‍ ജീസസിനെയും ഹീറോ പട്ടികയില്‍ നിര്‍ത്തുന്നുണ്ട്.  കോസ്റ്റാറിക്കയുടെ കാവല്‍ക്കാരന്‍ കൈലര്‍ നവാസ് കഴിഞ്ഞാല്‍ സ്‌ട്രൈക്കര്‍ ബ്രയാന്‍ റൂയിസിലാണ് കോസ്റ്ററിക്ക ഏറെ പ്രതീക്ഷ പുലര്‍ത്തുന്നത്. നിലവിലുള്ള കോസ്റ്റാറിക്കന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും റൂയിസാണ്. ബ്രസീല്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതിന്റെ തനിയാവര്‍ത്തനത്തിന് കോസ്റ്റാറിക്കന്‍ ടീമിന് ഇന്ന് ജയിച്ചേ തീരു.

RELATED STORIES

Share it
Top