ആദ്യഘട്ട നടപടികള്‍ വ്യക്തമാക്കണം: ദക്ഷിണ കൊറിയ ഉത്തര കൊറിയന്‍ പ്രതിനിധി യുഎസില്‍

സോള്‍: ഉത്തര കൊറിയയിലെ ആണവ നിരായുധീകരണം സംബന്ധിച്ച് ആദ്യഘട്ട നടപടികള്‍ വ്യക്തമാക്കണമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ബെയ്ജിങിലെത്തിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം.
ഈ വര്‍ഷം ഇത് മൂന്നാംതവണയാണ് കിം ചൈന സന്ദര്‍ശിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങിനോട് കിം നന്ദി രേഖപ്പെടുത്തിയതായി മാധ്യമ റിപോര്‍ട്ടുണ്ട്. യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവച്ചാല്‍ ആണവനിരായുധീകരണത്തിനു തയ്യാറാണെന്ന് ഉത്തര കൊറിയ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, ഇരു രാജ്യങ്ങളും സൈനിക പ്രകടനങ്ങള്‍ നിര്‍ത്തിവച്ചത് ഉത്തര കൊറിയയുടെയും പ്രധാന സഖ്യകക്ഷികളായ ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെയും വിജയമായാണ് വിലയിരുത്തുന്നത്.
മൂണും കിമ്മും അടുത്തിടെ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ പരീക്ഷണങ്ങളില്‍ നിന്നു പിന്‍വാങ്ങാമെന്നും സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും ഉത്തര കൊറിയ അറിയിച്ചതായി മൂണ്‍ വ്യക്തമാക്കി. കൊറിയന്‍ ഉപദ്വീപില്‍ സമാധാനം നിലനിര്‍ത്താന്‍ ചൈനയുടെ ഭാഗത്തുനിന്നുള്ള സഹകരണമുണ്ട്. കിമ്മിന്റെ ചൈനാ സന്ദര്‍ശനം ആണവനിരായുധീകരണത്തിലേക്കുള്ള ഉത്തര കൊറിയന്‍ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

RELATED STORIES

Share it
Top