ആദിവാസി സാക്ഷരത രണ്ടാംഘട്ടം: 200 ഊരുകളില്‍ സര്‍വേ

കല്‍പ്പറ്റ: ആദിവാസി സാക്ഷരത രണ്ടാംഘട്ടത്തിന്റെ ഭാഗമായി 200 ഊരുകളില്‍ സര്‍വേ നടത്തി. പണിയ-കാട്ടുനായ്ക്ക വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളാണ് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്തത്. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭയിലെ മണിയങ്കോട് നെടുനിലം കോളനിയില്‍ 85കാരി വെള്ളച്ചിയുടെ വീട്ടില്‍ നിന്നു വിവരം ശേഖരിച്ച് സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി ദേവകി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി മണി, ടി കെ ദേവകി എന്നിവരും ഗിരീഷ് കല്‍പ്പറ്റ, ചന്ദ്രന്‍ കിനാത്തി, കെ കെ ഗീത, ജി ബി ജിത, പി വാസന്തി സംസാരിച്ചു. ജില്ലയിലെ 23 ഗ്രാമപ്പഞ്ചായത്തിലെയും മൂന്നു നഗരസഭയിലെയും പണിയ-കാട്ടുനായ്ക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 200 ഊരുകളില്‍ സര്‍വേ നടന്നു. ജില്ലയിലെ ആദിവാസി സാക്ഷരത 70 ശതമാനത്തില്‍ നിന്ന് പടിപടിയായി 90 ശതമാനമായി ഉയര്‍ത്തുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം നടന്ന ആദിവാസി സാക്ഷരത ഒന്നാം ഘട്ടത്തില്‍ 282 ഊരുകളിലെ സാമൂഹികപരമായ ഉയര്‍ച്ച സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദിവാസികളുടെ വെറ്റില മുറുക്ക്, മദ്യപാനം എന്നിവയില്‍ കുറവ് വന്നു. ഊരുകളിലെ കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങി. മദ്യത്തിനെതിരേ നിരന്തര ബോധവല്‍ക്കരണം നടത്തി. ആദിവാസി കലാസംഗമങ്ങളും പഠനയാത്രകളും പുത്തന്‍ ഉണര്‍വേകി. ആദിവാസി പഠിതാക്കളുടെ സംഗമത്തില്‍ പിന്നാക്കക്ഷേമ മന്ത്രി എ കെ ബാലന്‍ പങ്കെടുത്തത് വലിയ അനുഭവമായിരുന്നു.
200 ഊരുകളില്‍ 6000ത്തില്‍ കുറയാത്ത നിരക്ഷരരുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ക്ലാസെടുക്കാനായി 200 ആദിവാസി ഇന്‍സ്ട്രക്ടര്‍മാരും പൊതുവിഭാഗത്തില്‍ നിന്ന് 200 ഇന്‍സ്ട്രകടര്‍മാരും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെ തന്നെയാണ് സര്‍വേ വോളന്റിയര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്. വാര്‍ഡ് മെംബര്‍മാരും ഊരുകൂട്ടം മൂപ്പന്‍മാരും പൊതുപ്രവര്‍ത്തകരും സര്‍വേയില്‍ സഹായിച്ചു. ക്ലാസുകളില്‍ ചായയും ലഘുഭക്ഷണവും നല്‍കും.
കല്‍പ്പറ്റ നഗരസഭയിലെ മാനിവയല്‍ കോളനിയില്‍ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷും സുല്‍ത്താന്‍ ബത്തേരിയിലെ ദൊട്ടപ്പന്‍കുളം കോളനിയില്‍ ചെയര്‍മാന്‍ സാബുവും മാനന്തവാടിയിലെ നരിക്കൊല്ലി കോളനിയില്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജും പൂതാടിയിലെ മൂടക്കൊല്ലി കോളനിയില്‍ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യനും മുളളന്‍കെല്ലി ചേലൂര്‍ കോളനിയില്‍ പ്രസിഡന്റ് ഗിരിജ കൃഷ്ണനും സര്‍വേ ഉദ്ഘാടനം ചെയ്തു.



RELATED STORIES

Share it
Top