ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആദിവാസികളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുകയാണ് വേണ്ടെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹിക സാക്ഷരതാ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആദിവാസി ഊരുകളില്‍ വെളിച്ചം പകരുക എന്നത് പ്രധാന കാര്യമാണ്. അതിനൊപ്പം പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് സ്വന്തമായി വരുമാനത്തിനുള്ള അവസരങ്ങളും ഉറപ്പാക്കണം. ഇത്തരം സമൂഹങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി സമൂഹങ്ങള്‍ പല മേഖലകളിലും ചൂഷണത്തിന് വിധേയമാവുന്നു. ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സഹായങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
സാക്ഷരതാ പ്രേരക്മാര്‍ അക്ഷരങ്ങളും അക്കങ്ങളും വായിക്കാനും എഴുതാനും പഠിപ്പിക്കുക എന്ന അവസ്ഥയില്‍നിന്ന് മാറി ആധുനിക സമൂഹത്തെ നിര്‍മിക്കാനുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. നമ്മുടെ നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളെ അക്ഷരം പഠിപ്പിക്കുന്നത് ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍, സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എം മനോജ് സംസാരിച്ചു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല സ്വാഗതവും അസി. ഡയറക്ടര്‍ കെ അയ്യപ്പന്‍ നന്ദിയും പറഞ്ഞു. പരിശീലനം ഇന്ന് സമാപിക്കും.

RELATED STORIES

Share it
Top