ആദിവാസി വംശീയ അധിക്ഷേപത്തിനെതിരേ പ്രതിഷേധ മാര്‍ച്ച്

കണ്ണൂര്‍: കണ്ണൂര്‍ മഹോല്‍സവത്തിന്റെ പ്രദര്‍ശനത്തില്‍ ആദിവാസികളെ വംശീയമായി അധിക്ഷേപിക്കുന്ന സ്റ്റാളുകളും പ്രതിമകളും സ്ഥാപിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ, ആദിവാസി ദലിത് മുന്നേറ്റ സമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രദര്‍ശന നഗരിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
വംശീയ താല്‍പര്യത്തോടെ ഒരു പ്രത്യേക ജാതി-മത വിഭാഗക്കാരെ പ്രതിമകളുടെ രൂപത്തില്‍ പ്രദര്‍ശിപ്പിച്ച് പണം പിരിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. മത-സാമൂഹിക സ്പര്‍ധ വളര്‍ത്തുന്ന ഇത്തരം നടപടിക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ച് ദലിത്-ആദിവാസി മുന്നേറ്റസമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ ഉദ്ഘാടനം ചെയ്തു.
പി കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു. കെ സുനില്‍കുമാര്‍, കെ ബാലകൃഷ്ണന്‍, കെ ഷൈജു, പി പുരുഷോത്തമന്‍, രമേശന്‍, ശശി പാതിരിയാട്, പനയന്‍ കുഞ്ഞിരാമന്‍, കെ സതീശന്‍, പ്രഭാകരന്‍ നാറാത്ത്, അഡ്വ. കസ്തൂരി ദേവന്‍, ശശി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top