ആദിവാസി യുവാവിന്റെ മരണം; മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുത്തു

ഒറ്റപ്പാലം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ടുപേരില്‍ നിന്ന് മൊഴിയെടുത്തു.
സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റായ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, മധുവിന്റെ സഹോദരി ചന്ദ്രികയുടെ ഭര്‍ത്താവ് മുരുകന്റെയും മരണം നടന്ന സമയത്ത് പരിശോധന നടത്തിയ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ലിമ ഫ്രാന്‍സിസിന്റെയും മൊഴികളാണു രേഖപ്പെടുത്തിയത്. അന്ന് പരിശോധനാ സംഘത്തിലുണ്ടായിരുന്ന അഡീഷനല്‍ എസ്‌ഐ പ്രസാദ് വര്‍ക്കിയുടെ മൊഴിയാണ് ഇനി എടുക്കാനുള്ളത്. ജൂലൈ 10നകം എഫ്‌ഐആറും ഇന്‍ക്വസ്റ്റ് റിപോര്‍ട്ടും മൃതദേഹ പരിശോധനാ റിപോര്‍ട്ടും പരിശോധിച്ച് അന്വേഷണ റിപോര്‍ട്ട് ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് സമര്‍പ്പിക്കുന്ന റിപോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് കൈമാറും. അഗളി ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 16 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 86 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ അന്വേഷണ റിപോര്‍ട്ട് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top