ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

അരീക്കോട്: ആദിവാസി യുവാവിനെ മര്‍ദിച്ച് കൊന്നതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ സംഘം ഇന്നലെ ആദിവാസി കോളനി സന്ദര്‍ശിച്ചു.
ഊര്‍ങ്ങാട്ടീരി പനമ്പിലാവ് കരിമ്പ് ആദിവാസി കോളനിയിലെ കുരുവികുന്നേല്‍ പരേതനായ രാമന്റെ മകന്‍ സുരേഷാണ് (24) കഴിഞ്ഞ ദിവസം മരിച്ചത്. കക്കാടുംപൊയില്‍ ബിനു എന്ന കുട്ടിച്ചന്റെ പന്നി ഫാമില്‍  തൊഴിലാളിയാണ് സുരേഷ്. കൃത്യമായി കൂലിയോ ഭക്ഷണമോ തൊഴില്‍ ഉടമ നല്‍കാറില്ലന്ന് ബന്ധുക്കള്‍ പറഞ്ഞു.  കൂലി ആവശ്യപെട്ടാല്‍  ബിനുവും ഭാര്യയും മര്‍ദിക്കാറുണ്ടെന്ന്് സുരേഷിന്റെ മാതാവ് ചിന്നമ്മ പറഞ്ഞു.      മരത്തില്‍ നിന്നും വീണെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് ബിനുവും കുടുംബവും സുരേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.  പന്നി ഫാമിന് അടുത്തുള്ള കോളനിയിലാണ് സുരേഷിന്റെ വീട്. സംഭവം നടന്ന് ഒരു ദിവസത്തിന് കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ട നടപടികളെല്ലാം പൂര്‍ത്തീകരിച്ച ശേഷമാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്. കൂടാതെ സുരേഷിന്റെ കുടുംബാംഗങ്ങളില്‍ നിന്നും മരണത്തില്‍ പരാതിയില്ലന്ന് ബിനു ഭീഷണിപെടുത്തി എഴുതി വാങ്ങിയിരുന്നു. ജോലിക്കാര്‍ക്ക് കൂടുതല്‍ തൊഴിലെടുക്കാന്‍ വേണ്ടി മദ്യം നല്‍കി മര്‍ദിക്കാറുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഇയാളുടെ മര്‍ദനം കാരണം ആദിവാസികള്‍ക്ക് പരാതിപെടാന്‍ ഭയമാണെന്നും പരിസര വാസികള്‍  പറയുന്നു.
തിങ്കളാഴ്ച  ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാനോ അനന്തര നടപടികള്‍ക്കോ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. മരണത്തിന് ഉത്തരവാദിയായ ബിനുവിന്റെ പേരില്‍ കേസെടുക്കണമെന്നായിരുന്നു ഇവരുടെ  ആവശ്യം. തുടര്‍ന്ന് അരീക്കോട് പോലിസ് എത്തി രാത്രി എട്ടോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. മരത്തില്‍ നിന്ന് വീണതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ കാണപ്പെട്ടിട്ടില്ലെന്നും മര്‍ദനമാണ് മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഏറനാട് തഹസില്‍ദാര്‍ കോളനി സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. എന്നാല്‍ ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളനി സന്ദര്‍ശിച്ചിട്ടില്ലെന്നും ആരോപണം ഉണ്ട്.
ടാര്‍ മോഷണം നടത്തിയ കേസില്‍ ഒന്നാം പ്രതിയാണ് മരിച്ച സുരേഷ്. ബിനുവിനു വേണ്ടിയാണ് മോഷണം നടത്തിയതെന്ന് സുരേഷ് പലരോടും പറഞ്ഞിരുന്നു. പ്രേരണാ കുറ്റത്തിന് പ്രതിചേര്‍ക്കപെടുമെന്നുള്ള ഭയത്താല്‍ സുരേഷിനെ മര്‍ദിച്ച് കൊലപെടുത്തിയതാവാന്‍  സാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിന് മുമ്പും കോളനിയില്‍ മരണങ്ങള്‍ ഉണ്ടായിട്ടും അന്വേഷണം നടത്താതെ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സുരേഷിന്റെ മരണത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top