ആദിവാസി യുവാവിന്റെ ദുരൂഹ മരണം എസ് ഡി പി ഐ വസ്തുതാന്വേഷണം നടത്തി.

അരീക്കോട് : കോഴിക്കോട്- മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ കരിമ്പിലെ കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സുരേഷിന്റെ വീട് സന്ദര്‍ശിച്ച് എസ്ഡിപിഐ നേതൃത്വം വസ്തുതാന്വേഷണം നടത്തി. സുരേഷിന്റെ മരണത്തില്‍ ദുരുഹതയുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണത്തിന്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അരീക്കോട് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പനമ്പിലാവില്‍ ആദിവാസി കോളനിക്കടുത്ത് ബിനു വെന്ന കുട്ടച്ചന്റ ജോലിക്കാരനായിരുന്നു സുരേഷ്. ജോലിക്ക് പോയതിന് ശേഷം മരത്തില്‍ നിന്ന് വീണെന്ന് പറഞ്ഞ്് സ്ഥലമുടമ ബന്ധുക്കളെ വിവരമറിയിക്കാതെ ഹോസ്പിറ്റലില്‍ എത്തിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വീട്ടിലെത്തിക്കുകയും ചെയ്യുകയായിരുന്നു.  മൃതദേഹം വീട്ടിലെത്തുമ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. തൊഴിലുടമ ബിനു എന്ന കുട്ടച്ചന്‍ രാത്രിയില്‍  സുരേഷിന്റെ അമ്മാവനെ  വിളിച്ച് മരണത്തില്‍ പരാതിയില്ല എന്ന് രേഖാമൂലം എഴുതി വാങ്ങിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. കുട്ടച്ചന്‍ ആദിവാസികളെ തൊഴിലെടുപ്പിച്ചാല്‍ കൂലിനല്‍കാറില്ലന്നും മദ്യം നല്‍കുകയും ഭീഷണിപ്പെടുത്തുന്നതുമൂലം ആരും പരാതിപ്പെടാറില്ലെന്നുമാണ് ആദിവാസികളില്‍ നിന്നുള്ള വിവരം.
ആദിവാസിയായ സുരേഷിനെ ഉപയോഗിച്ച് നിലമ്പൂരില്‍ നിന്ന് റോഡുപണിക്ക്് എത്തിച്ച ടാര്‍ മോഷ്ടിപ്പിച്ചതിന് സുരേഷക്കമുള്ളവരുടെ പേരില്‍ കേസ് നിലവിലുണ്ട്.
മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം ആദിവാസികള്‍ ഉന്നയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും എഫ്‌ഐആറും ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ല.
എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍,എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി സലീം  കാരാടി, ഏറനാട് മണ്ഡലം പ്രസിഡന്റ് പി.പി ഷൗക്കത്തലി, തിരുവമ്പാടി മണ്ഡലം  പ്രസിഡന്റ്  ടി.പി മുഹമ്മദ് തുടങ്ങിയവര്‍  കോളനി സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top