ആദിവാസി യുവാവിനെ അമ്മാവന്‍ കൊലപ്പെടുത്തി

അടിമാലി: വഴിവക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവിന്റെ മരണം കൊലപാതകം. സംഭവത്തില്‍ യുവാവിന്റെ അമ്മാവനെ പോലിസ് പിടികൂടി. അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ ട്രൈബല്‍ സെറ്റില്‍മെന്റിലെ രാമന്റെ മകന്‍ ശശി(29)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ശശിയുടെ അമ്മാവന്‍ രാജനെ (58) അടിമാലി പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്. ശശിയും അമ്മാവന്‍ രാജനും ചേര്‍ന്ന് മദ്യപിച്ചിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ 50 രൂപയെച്ചൊല്ലി സംഘട്ടനത്തിലേര്‍പ്പെടുകയും രാജന്‍ ശശിയെ കൊലപ്പെടുത്തുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ നാട്ടുകാരാണ് ഓടയില്‍ മരിച്ചു കിടക്കുന്ന ശശിയെ കണ്ടെത്തിയതും വിവരം പോലിസില്‍ അറിയിച്ചതും. ശശി മദ്യലഹരിയില്‍ വീണു മരിച്ചതാണെന്ന നിലയില്‍ പോലിസ് കേസ് എടുത്തു. എന്നാല്‍ അമ്മാവന്‍ രാജനെ സംഭവദിവസം പുറത്തുകാണാതെ വന്നതും സംശയത്തിന് കാരണമാവുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 8 മണിയോടെ രാജനെ പിടികൂടിയ പോലിസ് വിശദമായി ചോദ്യംചെയ്തതോടെയാണ് ശശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.

RELATED STORIES

Share it
Top