ആദിവാസി ഭൂമി തട്ടിയെടുത്തെന്ന പരാതിയില്‍ വീണ്ടും അന്വേഷണം

മാനന്തവാടി: തിരുനെല്ലിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് റിസോര്‍ട്ട് ഉടമ ആദിവാസി ഭൂമി തട്ടിയെടുത്തു പണം നല്‍കാതെ വഞ്ചിച്ചതായുള്ള പരാതിയില്‍ വീണ്ടും അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ മാനന്തവാടി തഹസില്‍ദാറെ ചുമതലപ്പെടുത്തി. 1997ലാണ് തിരുനെല്ലി കോളിദാര്‍ അര്‍ക്കണം ചന്ദ്രന്റെ കൈവശമുണ്ടായിരുന്ന റീസര്‍വേ 276ലെ 1.20 ഏക്കര്‍ ഭൂമി റിസോര്‍ട്ട് ഉടമ കൈവശപ്പെടുത്തിയതായി പറയപ്പെടുന്നത്. പകരം റോഡരികില്‍ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഇതു ലഭിച്ചില്ലെന്നും തന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന വായ്പാ തുക അടച്ചുതീര്‍ക്കുക മാത്രമാണ് റിസോര്‍ട്ടുടമ ചെയ്തതെന്നും ചന്ദ്രന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അന്നത്തെ ജില്ലാ കലക്ടര്‍ ബിശ്വാസ് മേത്തയായിരുന്നു ഭൂമി കൈമാറാന്‍ അനുമതി നല്‍കിയത്. തിരുനെല്ലിയില്‍ ഭരണകക്ഷിയിലെ ചിലരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആദിവാസിയെ ഭൂരഹിതനാക്കിയതെന്നു നേരത്തെ ആരോപണമുണ്ടായിരുന്നു. ഇവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചന്ദ്രനും രണ്ടു പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് കലക്ടര്‍ക്കും ലാന്റ് ബോര്‍ഡ് കമ്മീഷണര്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കുകയായിരുന്നു. ചന്ദ്രനില്‍ നിന്നു വാങ്ങിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കുകയും രണ്ടുവര്‍ഷം മുമ്പ് ഈ റിസോര്‍ട്ട് മാവോവാദികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഇതിനു മുമ്പും പല പരാതികളും പട്ടികവര്‍ഗ വകുപ്പിനും മുഖ്യമന്ത്രിക്കുമുള്‍പ്പെടെ നല്‍കിയിട്ടും ഭൂമി വാങ്ങിയ ആളുടെ സ്വാധീനത്താല്‍ അന്വേഷണം വഴിമുട്ടുകയായിരുന്നുവെന്നു പറയപ്പെടുന്നു.

RELATED STORIES

Share it
Top