ആദിവാസി ഭൂമി ഉപയോഗിക്കുന്നില്ലെങ്കില്‍ തിരിച്ചുപിടിക്കാന്‍ ഉത്തരവ്

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പട്ടയം അനുവദിച്ച വാസയോഗ്യമായ ഭൂമിയില്‍ താമസിക്കാത്ത ആദിവാസികളില്‍നിന്ന് ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
പട്ടയം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പകുതിയോളം കുടുംബങ്ങള്‍ താമസം തുടങ്ങിയിട്ടില്ല. പുനരധിവാസ മേഖലയില്‍ ഒരേക്കര്‍ ഭൂമി വീതം പട്ടയം ലഭിച്ച 3304 ആദിവാസി കുടുംബങ്ങളില്‍ 1500ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഫാമില്‍ സ്ഥിരതാമസമാക്കിയത്.
ഭൂരിഭാഗം പേരുടെയും സ്ഥലം കാടുമൂടി കിടക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് റവന്യൂ വകുപ്പ് താമസിക്കാത്തവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കാന്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്.
കൈവശക്കാര്‍ക്ക് കാരണം ബോധിപ്പിക്കാന്‍ രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഫാമിലെ 3500 ഏക്കര്‍ ഭൂമിയാണ് 3304 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം വിവിധ ഘട്ടങ്ങളിലായി പതിച്ചുനല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിലര്‍ പട്ടയം വാങ്ങി പോയതല്ലാതെ ഭൂമിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കുറേപേര്‍ കശുവണ്ടി സീസണില്‍ മാത്രമാണ് തങ്ങളുടെ ഭൂമിയില്‍ പ്രവേശിക്കുന്നത്.
ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നതാണ് കാട്ടാനശല്യം ഉള്‍പ്പെടെ വര്‍ധിക്കാനുള്ള പ്രധാന കാരണം. കൂടാതെ ഫാമിലെ നിരവധി ഏക്കര്‍ ഭൂമി കൈയേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. പട്ടയം കിട്ടിയവരെ സ്വന്തം ഭൂമിയില്‍ താമസിപ്പിക്കുന്നതിന് പകരം കൈയേറ്റം നടത്തി തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് വിവിധ ആദിവാസി സംഘടനകള്‍ നടത്തുന്നത്. ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന ഘട്ടംവരുന്നതോടെ പരമാവധി പേര്‍ മേഖലയില്‍ സ്ഥിരതാമസം തുടങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ ഫാമില്‍ ഭൂമി ലഭിക്കണമെന്നു കാണിച്ച് നിരവധി ഭൂരഹിതര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ആദിവാസികളില്‍നിന്ന് പിടിച്ചെടുക്കുന്ന ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് തന്നെ വിതരണം ചെയ്യുന്നതിലൂടെ കൈയേറ്റം ഒരു പരിധിവരെ തടയാന്‍ കഴിയും.
വയനാട്ടിലെ ആദിവാസികളില്‍ ഭൂമി ലഭിച്ച 400ഓളം പേരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഫാമില്‍ സ്ഥിരതാമസക്കാരായുള്ളൂ. ഇവരുടെ ഭൂമിയും പിടിച്ചെടുക്കും.
തങ്ങള്‍ക്ക് ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്നു കാണിച്ച് ഭൂമി മാറ്റികിട്ടാന്‍ അപേക്ഷ നല്‍കിയവര്‍ക്കും പുതിയ ഉത്തരവിലൂടെ വാസയോഗ്യമായ ഭൂമി ലഭിക്കും.

RELATED STORIES

Share it
Top