ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലിസ് അദാലത്ത്

ഇരിട്ടി: ആദിവാസികള്‍ക്ക് ആശ്വാസം പകരാന്‍ ഇരിട്ടി സബ് ഡിവിഷന്‍ ജനമൈത്രി പോലിസ് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തും മെഗാ മെഡിക്കല്‍ ക്യാംപും നടത്തി. 697 പരാതികള്‍ തീര്‍പ്പായി. പുതുതായി ലഭിച്ച 167 പരാതികള്‍ ഒരു മാസത്തിനകം തീര്‍പ്പാക്കാനുള്ള ശ്രമവും തുടങ്ങി. മെഡിക്കല്‍ ക്യാംപില്‍ 598 പേര്‍ ചികില്‍സയ്‌ക്കെത്തി. ആറളം, ഉളിക്കല്‍, കരിക്കോട്ടക്കരി, മുഴക്കുന്ന്, പേരാവൂര്‍, കേളകം സ്‌റ്റേഷന്‍ പരിധികളിലുള്ള പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരുടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനായാണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ആറളം ഫാം പുനരധിവാസ മേഖലയില്‍ അദാലത്ത് സംഘടിപ്പിച്ചത്. രണ്ടു മാസം മുമ്പ് തന്നെ അറിയിപ്പ് നല്‍കി പരാതികള്‍ സ്വീകരിച്ച് അതാതു വകുപ്പുകളില്‍ പോലിസ് നേരിട്ടുപോയാണ് തീര്‍പ്പാക്കിയത്. ഏറ്റവും കൂടുതല്‍ പരാതി ആധാര്‍ കാര്‍ഡ് ലഭിക്കാത്തതായിരുന്നു. 285 പേര്‍ക്കാണ് ആധാര്‍ കാര്‍ഡ് ലഭിച്ചത്. 104 പേര്‍ക്ക് അദാലത്ത് വഴി റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ 67 പേര്‍ക്ക് വീട്ടുനമ്പറും 52 പേര്‍ക്ക് പിഎസ്‌സി രജിസ്‌ട്രേഷനും 57 പേര്‍ക്ക് തയ്യല്‍ പരിശീലനവും 70 പേര്‍ക്ക് ഡ്രൈവിങ് പരിശീലനവും 48 പേര്‍ക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും 11 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റും 21 പേര്‍ക്ക് ആതുരമിത്രം സര്‍ട്ടിഫിക്കറ്റും ഒരാള്‍ക്ക് പെന്‍ഷനും ലഭിച്ചു.ആശുപത്രിക്ക് തുല്യമായ സംവിധാനങ്ങള്‍ ഒരുക്കിയ മെഡിക്കല്‍ ക്യാംപില്‍ ഏഴ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധന നടത്തി. മരുന്ന് നല്‍കാന്‍ ഫാര്‍മസിയും ഒരുക്കിയിരുന്നു. കാഴ്ച പ്രശ്‌നം കണ്ടെത്തിയ 150 പേര്‍ക്ക് കണ്ണടയും സൗജന്യമായി നല്‍കി. പോലിസ് വാഹനങ്ങളിലാണ് ദൂരെയുള്ള കോളനികളില്‍ നിന്നുള്ളവരെ മെഡിക്കല്‍ ക്യാംപിലേക്ക് എത്തിച്ചത്.697 പരാതികള്‍ നേരത്തേ പരിഹരിച്ചതിനാല്‍ സ്ഥലത്തുവച്ച് രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. പുതുതായുള്ള പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളും തുറന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, എഎസ്പി അരവിന്ദ് സുകുമാര്‍, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്‍, ആറളം ഫാം എംഡി കെ പി വേണുഗോപാലന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, തലശ്ശേരി ജോയിന്റ് ആര്‍ടിഒ എ കെ രാധാകൃഷ്ണന്‍, ആറളം ഫാം ടിഅര്‍ഡിഎം സൈറ്റ് മാനേജര്‍ പി പി ഗിരീഷ്‌കുമാര്‍, ഇരിട്ടി പോലിസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ ബിജു, ഫിസിഷ്യന്‍ ഡോ. ആന്റോ വര്‍ഗീസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ് കിരണ്‍, എസ്‌സി പ്രമോട്ടര്‍ എ കെ സുജാത, നൗഷാദ് മൂപ്പന്‍ സംസാരിച്ചു. ഊരൂ മുപ്പനെ ജില്ലാ പോലിസ് മേധാവി ആദരിച്ചു. ഇന്‍സ്‌പെക്ടര്‍മാരായ എ വി ജോണ്‍ (മട്ടന്നൂര്‍), എ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ 50ഓളം പോലിസുകാരും സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റും നേതൃത്വം നല്‍കി.

RELATED STORIES

Share it
Top