ആദിവാസി പഠനങ്ങള്‍ എന്തിന്?

ജയശ്രീ  എ  കെ
വികസനത്തെക്കുറിച്ചുള്ള സംവാദങ്ങളിലെല്ലാം തന്നെ ആരുടെ വികസനം എന്ന പ്രശ്‌നം ഉയര്‍ന്നുവരും. വികസനത്തോടു ചേര്‍ത്താണു വിദ്യാഭ്യാസവും വിവക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ വികസനത്തില്‍ ഏറ്റവും വിലക്ഷണമായി ഉയര്‍ന്നുവരുന്നത് ആദിവാസികളുടെ ഇന്നത്തെ നിലയാണ്. ഏറ്റവും അടുത്തായി അട്ടപ്പാടിയിലെ മധുവിലൂടെ അത് തെളിഞ്ഞുനില്‍ക്കുന്നു. ആദിവാസി വികസനത്തിനായി ചെലവാക്കുന്ന തുക പാഴായിപ്പോവുന്നതായി എല്ലാവരും കാണുന്നുമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അവര്‍ക്കു വേണ്ടി ഒരുക്കുന്ന വിദ്യാഭ്യാസപരിപാടികള്‍ മാത്രമല്ല, അവരെക്കുറിച്ച് മറ്റുള്ളവര്‍ നടത്തുന്ന പഠനങ്ങളും അവരുടെ ജീവിതത്തില്‍ എന്തു പരിവര്‍ത്തനമുണ്ടാക്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
പഠിതാക്കള്‍ക്ക് ഡിഗ്രി നേടുന്നതിനും പഠനത്തിലും ജോലിയിലും ഉയര്‍ച്ച നേടുന്നതിനും ആദിവാസികളെപ്പറ്റിയും മറ്റു പ്രാന്തവല്‍ക്കരിക്കപ്പെടുന്നവരെ പറ്റിയുമുള്ള പഠനങ്ങള്‍ ആവശ്യമാണ്. ഇപ്പോഴത്തെ അധികാരഘടനയില്‍ പ്രധാനമായും ഭരണനിര്‍വഹണത്തിന് സഹായകരമായാണ് അക്കാദമിക സ്ഥാപനങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍, ചിലപ്പോള്‍ അരികുകളിലെങ്കിലും സാമൂഹിക പരിവര്‍ത്തനത്തിന് സഹായകമായ ചില ഇടപെടലുകള്‍ അക്കാദമിക സ്ഥാപനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഉണ്ടാവാറുണ്ട്. അതു പക്ഷേ, നടക്കുന്നത് പരിവര്‍ത്തനോന്മുഖമായ ഒരന്തരീക്ഷത്തിലാണെന്നും കാണാം. ചില കോണ്‍ഫറന്‍സുകളില്‍ അരികുകളില്‍ ജീവിക്കുന്നവര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നത് ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍, നയപരമായ മാറ്റങ്ങള്‍ക്ക് അപൂര്‍വമായി മാത്രമാണ് പഠന റിപോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്.
ഇത്തരം ചെറിയ ഇടങ്ങള്‍ രൂപപ്പെട്ടതുതന്നെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചകള്‍ മാറിവന്നപ്പോഴാണ്. ഈ മാറ്റങ്ങളാവട്ടെ, സാമൂഹികമാറ്റത്തിന്റെ പ്രതിഫലനവുമാണ്. വിദ്യാഭ്യാസം വ്യക്തിയെയും സമൂഹത്തെയും നവീകരിക്കുന്നു എന്ന പഴയ കാഴ്ചപ്പാട് 19ാം നൂറ്റാണ്ടില്‍ തന്നെ തിരുത്തിയെഴുതിയതാണ്. സാമൂഹികമാറ്റം വിദ്യാഭ്യാസത്തിലേക്കു നയിക്കുകയാണെന്നും മറിച്ചല്ല എന്നും എമില്‍ ദര്‍ഖൈം പറയുകയുണ്ടായി. വിദ്യാഭ്യാസത്തെ സമൂഹത്തിന്റെ പ്രതിഫലനമായും അതിന്റെ ക്രമത്തെ പുനരുല്‍പാദിപ്പിക്കുന്ന ഉപകരണവുമായാണ് ദര്‍ഖൈം കണ്ടത്. ഇന്നത്തെ വിദ്യാഭ്യാസത്തിലെ ആന്തരിക വൈരുധ്യം പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതു വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവരെ ഒരേ അളവുകോല്‍കൊണ്ട് അളക്കുകയാണ്. പൊതുവായ സിലബസ് പഠിക്കാനുള്ള താല്‍പര്യമോ സാഹചര്യമോ ഇല്ലാത്തവരായിരിക്കും മൂല്യനിര്‍ണയ പരീക്ഷകളിലും ജോലിക്കായുള്ള മല്‍സരപരീക്ഷകളിലും പിന്തള്ളപ്പെടുന്നത്. പിന്നാക്ക സാഹചര്യങ്ങളിലുള്ളവരെ സംബന്ധിച്ച് അവര്‍ക്കു നഷ്ടപ്പെട്ട ഭൗതികവും സാംസ്‌കാരികവുമായ വിഭവങ്ങള്‍ ഏല്‍പിക്കുകയാണെങ്കില്‍, അത് എന്തു മാറ്റമാണ് അവരുടെ ജീവിതത്തിലുണ്ടാക്കുക എന്നു നോക്കി അതിനനുസരിച്ച വിദ്യാഭ്യാസവും യോഗ്യതാനിര്‍ണയവുമാണു നടത്തേണ്ടത്.
അവരവരുടെ ജീവിതത്തിനുമേല്‍ അധികാരം കൈയാളാനുള്ള പ്രാപ്തി ഉണ്ടാക്കുകയാണ് വിദ്യാഭ്യാസമെന്ന പോളോ ഫ്രെയറിന്റെ കാഴ്ച ഇപ്പോഴും പ്രസക്തമായിരിക്കുന്നു. അത് അവരവരുടെ അവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയിലൂടെയാണു ലഭിക്കുന്നത്. അതിന് അവരെ പ്രാപ്തരാക്കുന്നതരം ഇടപെടലുകളാണ് പുറത്തുനിന്ന് ഉണ്ടാവേണ്ടത്. സമയപരിധി ഉള്‍പ്പെടെ പലവിധ നിബന്ധനകള്‍ക്കു വിധേയരായുള്ള ഗവേഷകര്‍ക്ക് അതിനു സാധിക്കാറില്ല.
പഠനം സാമൂഹിക മാറ്റത്തിന്റെ ഭാഗം തന്നെയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ദീര്‍ഘകാലത്തിനു ശേഷവും ഒരു സമൂഹം മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഈ രീതി പുനപ്പരിശോധിക്കാവുന്നതാണ്. രാത്രിയിലും മറ്റും അവരുടെ ഉറക്കം നഷ്ടപ്പെടുത്തിയും മറ്റും അവരിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സുഹൃത്തിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടുകൂടിയാണ് ഇതു കുറിക്കുന്നത്.
വിഭവചൂഷണത്താലും ശോഷണത്താലും ദുര്‍ബലമാവുന്നവര്‍ എങ്ങനെ മാറണമെന്ന നിര്‍ദേശം അവര്‍ക്കു നല്‍കുകയും അതിന്റെ ഉത്തരവാദിത്തം അവരില്‍ തന്നെ നിക്ഷേപിക്കുകയുമാണ് മിക്ക പഠന ശാക്തീകരണ ക്ഷേമപരിപാടികളും ചെയ്യുന്നത്. എന്നാല്‍, ആദിവാസി ക്ഷേമത്തിനായി ഇതര സമൂഹങ്ങളിലും അതിന്റെ ക്രമത്തിലും ഘടനയിലും എന്തു മാറ്റമാണു വരുത്തേണ്ടതെന്നാണ് അന്വേഷിക്കേണ്ടത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അവരുടെ അടുത്തുപോവേണ്ടതില്ല.
പഠനങ്ങളെ സാമൂഹിക സന്ദര്‍ഭങ്ങളുമായി ചേര്‍ത്തു കാണുന്ന പല വിദ്യാഭ്യാസ സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട്. അവഗണിക്കപ്പെട്ടവരും ചൂഷിതരുമായവര്‍ തങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞ് സാമൂഹിക പരിവര്‍ത്തനമുണ്ടായ സന്ദര്‍ഭങ്ങളിലാണ് ഇങ്ങനെ സംഭവിച്ചത്. അക്കാദമിക പഠനങ്ങളെ സാമൂഹിക മാറ്റങ്ങള്‍ വലിയതോതില്‍ സ്വാധീനിച്ചതായി കാണാം. ബോധവല്‍ക്കരണം, ശാക്തീകരണം എന്നീ പരികല്‍പനകള്‍ അങ്ങനെ രൂപപ്പെട്ടതാണ്. എന്നാല്‍, ഇവയ്ക്ക് മൗലികമായുണ്ടായിരുന്ന അര്‍ഥം ഇപ്പോള്‍ പ്രയോഗംകൊണ്ട് നഷ്ടപ്പെട്ടിരിക്കുകയാണ്. ക്ഷേമപരിപാടികളിലും അക്കാദമിക പഠനങ്ങളിലും മുഷിഞ്ഞുപോയ വാക്കുകളായി ഇവ മാറിക്കഴിഞ്ഞു. ഗവേഷകര്‍ സ്വയം എത്തിച്ചേരുന്ന ആത്മപ്രതിസന്ധിയില്‍ നിന്നും അവര്‍ ഇടപെടുന്ന സമൂഹത്തിന്റെ പങ്കുചേരലില്‍നിന്നുമാണ് പഠനത്തിന്റെ പരിവര്‍ത്തനോന്മുഖത സാധ്യമാവുന്നത്. പഠനസിദ്ധാന്തങ്ങളില്‍ 'പരിവര്‍ത്തനോന്മുഖ സിദ്ധാന്തം' ഇപ്പോള്‍ പ്രചുരമാണ്. എന്നാല്‍, അതു സാമൂഹികക്രമത്തെ അതേപടി നിലനിര്‍ത്തിക്കൊണ്ട് പ്രയോഗിക്കാവുന്നതല്ല.
സാമൂഹികക്രമം മാറാത്തിടത്തോളം ഏതു പഠനങ്ങളും അതിന്റെ ക്രമത്തെ തന്നെ നിലനിര്‍ത്തുകയാണ്. പഠനവിധേയരാക്കപ്പെടുന്നവര്‍ക്ക് അയഥാര്‍ഥമായ ചില പ്രതീക്ഷകള്‍ നല്‍കുന്നതു വഴി ആത്മബോധത്തിലൂടെയുള്ള പരിവര്‍ത്തനം നീട്ടിവയ്ക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇപ്പോള്‍ നടക്കുന്ന പല പഠനങ്ങളും വിവരശേഖരണം മാത്രമാണ്. പിന്തള്ളപ്പെട്ട സമൂഹങ്ങളില്‍ നിന്നു വിവരശേഖരണം മാത്രം നടത്തുകയും അവരുടെ ജീവിതത്തിനു മാറ്റമുണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍ ഗവേഷകര്‍ ആത്മപ്രതിസന്ധിയില്‍ പെട്ടുപോവേണ്ടതാണ്. അങ്ങനെയുണ്ടാവുന്നില്ലെങ്കില്‍ ആ പഠനരീതി പരിവര്‍ത്തനോന്മുഖമല്ല. അപ്പോള്‍ അതുകൊണ്ട് പഠനവിധേയരാവുന്നവര്‍ക്ക് യാതൊരു കാര്യവുമില്ല. ഗവേഷകര്‍ പ്രതിസന്ധിയില്‍പ്പെടുകയാണെങ്കില്‍ ഗവേഷണം മുന്നോട്ടുപോവുകയുമില്ല.
കേരളത്തില്‍ ആദിവാസികളുടെ ഇപ്പോഴത്തെ അവസ്ഥയുടെയും അവിടെ നടക്കുന്ന പഠന-ക്ഷേമ പരിപാടികളുടെയും പശ്ചാത്തലത്തില്‍, പഠനങ്ങളുടെ സാംഗത്യം പരിശോധിക്കേണ്ടതാണ്. ജീവിതങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ അതു പഠിതാവിനെയും പഠനവിധേയരെയും ഒന്നിച്ചു പരിവര്‍ത്തിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുണ്ടാവണം. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതുണ്ടാവുന്നില്ലെങ്കില്‍ ഈ പഠനങ്ങളുടെ രീതിശാസ്ത്രം മാത്രമല്ല, പഠനകേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സ്ഥാപനങ്ങളും പഠിക്കുന്ന നമ്മളും പഠിക്കപ്പെടുന്ന അവരും തമ്മിലുള്ള അധികാരബന്ധവും അധികാരവിന്യാസവും ഒന്നുകൂടി പരിശോധിക്കണം. ഇനിയും ഇത്തരം പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നും ചിന്തിക്കണം. പഠനവും പഠിപ്പിക്കലും ഉപജീവനമായിട്ടുള്ള നമുക്ക് ഇതു പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാലും നമ്മുടെ ആന്തരിക സംഘര്‍ഷങ്ങളോട് നീതിപുലര്‍ത്തുകയാണെങ്കില്‍ ആദിവാസികളുടെ മേല്‍ നടത്തുന്ന പഠനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതാവും നല്ലത്. എന്നെന്നേക്കുമായല്ലെങ്കില്‍, താല്‍ക്കാലികമായെങ്കിലും.                                                              ി

(കടപ്പാട്: പാഠഭേദം, മെയ് 2018)

RELATED STORIES

Share it
Top