ആദിവാസി കുട്ടികള്‍ക്ക് ആനുകൂല്യമില്ല: ആറളം ഫാം സ്‌കൂളിന് വിമര്‍ശനം

ഇരിട്ടി: അധ്യയനവര്‍ഷം പാതി പിന്നിട്ടിട്ടും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ 500ഓളം ആദിവാസി കുട്ടികള്‍ക്ക് സ്റ്റൈപെന്റും ലപ്‌സം ഗ്രാന്റും അനുവദിക്കാത്ത നടപടിയില്‍ എസ്‌സി, എസ്ടി കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. സ്്കൂള്‍ അധികൃതരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരും ശിക്ഷാ നടപടികള്‍ക്ക് വിധേയമാവേണ്ടി വരുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
ഫാം ആദിവാസി പുനരധിവാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളിലും ആദിവാസികളുടെ ജീവിത രീതികളും മനസ്സിലാക്കാനാണ് കമ്മീഷന്‍ ചെയര്‍മാന്‍ മാവോജിയുടെ നേതൃത്വത്തിലുള്ള സംഘം ഫാമിലെത്തിയത്. പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലെത്തിയ കമ്മീഷന്‍ ചെയര്‍മാന്‍ ആദിവാസികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂള്‍ തുറന്ന് മൂന്നുമാസം കഴിഞ്ഞിട്ടും വിദ്യാര്‍ഥികള്‍ക്കുള്ള ആനുകുല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ പുസ്തകം ഉള്‍പ്പെടെ വാങ്ങാന്‍ പറ്റുന്നില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
ഓരോ വിദ്യാര്‍ഥികള്‍ക്കും 2000ത്തോളം രൂപയാണ് പട്ടികജാതി, പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നു ലഭിക്കേണ്ടത്. സ്‌കുളിലെത്തിയ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും ഗ്രാന്റ് വിതരണത്തിന്റെ രേഖ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വര്‍ഷത്തെ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ പോലും തയ്യാറാക്കിയില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇതോടെയാണ് ചെയര്‍മാന്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ശക്തമായ നിലപാടെടുത്തത്്്്്്്്്്്്.
കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് കൂടെയുണ്ടായിരുന്ന ഐടിഡിപി ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസിനോടും ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ പി പി ഗിരീഷിനോടും ആവശ്യപ്പെട്ടു. മേഖലയില്‍ നടപ്പാക്കിയ വികസന പദ്ധതികളെയും അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികളെയും കുറിച്ച് കമ്മീഷന്‍ സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കും.

RELATED STORIES

Share it
Top