ആദിവാസി അമ്മമാരുടെ സമരം മദ്യനിരോധന സമിതി ഏറ്റെടുക്കും

മാനന്തവാടി: രണ്ടു വര്‍ഷത്തോളമായി ആദിവാസി അമ്മമാര്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു നടത്തുന്ന സമരം കേരള മദ്യനിരോധന സമിതി ഏറ്റെടുക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന 2018 ജനുവരി 27നു സെക്രട്ടേറിയറ്റിന് മുന്നില്‍ സൂചനാ സമരം നടത്തും. മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍ വിഷയം എത്തിക്കും. ആദിവാസി അമ്മാരുടെ സമരത്തില്‍ അനുഭാവപൂര്‍ണമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരമുള്‍പ്പെടെ സമിതി ആലോചിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിന് ഹൈക്കോടതിയാണ് സ്‌റ്റേ നല്‍കിയത്. ഇതുസംബന്ധിച്ച് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസ് മനപ്പൂര്‍വം വൈകിപ്പിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെ കൂട്ടുനില്‍ക്കുകയാണ്. ആദിവാസി അമ്മമാര്‍ നടത്തുന്ന നിയമപോരാട്ടത്തിന് ആവശ്യമായ നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികളും സമരസമിതി അംഗങ്ങളും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനന്‍, സോമശേഖരന്‍ നായര്‍, മുഹമ്മദ് ഇല്യാസ്, അഡ്വ. ആര്‍ കലേഷ്, ഫാ. മാത്യു കാട്ടറത്ത്, മാക്കമ്മ, വെള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top