ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി വകമാറ്റാന്‍ നീക്കം

മാനന്തവാടി: ആദിവാസികള്‍ക്ക് നല്‍കിയ മിച്ചഭൂമി വകമാറ്റി വിതരണം ചെയ്യാന്‍ നീക്കം. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി നരിക്കല്ലില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയാണ് ഭരണകക്ഷിയുടെ ഒത്താശയോടെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. 1975ല്‍ ബൊപ്പണ്ണന്‍ എന്നയാളുടെ പക്കല്‍ നിന്നാണ് 80 ഏക്കര്‍ മിച്ചഭൂമി പിടിച്ചെടുത്ത് ഒരേക്കര്‍ വീതം ആദിവാസികള്‍ക്ക് നല്‍കിയത്.
പട്ടയവും നല്‍കിയിട്ടുണ്ട്. ഇതില്‍ നിരവധി പേര്‍ മരിച്ചു. ഇവരുടെ ഭൂമി ഭൂരിഭാഗവും മറ്റുള്ളവര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നികുതിയടയ്ക്കുന്ന സ്ഥലം പോലും ചില പാര്‍ട്ടിക്കാരും കൈയേറി. സിപിഎം പ്രദേശിക നേതാവ് തന്നെ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി പണം വാങ്ങി മറ്റുള്ളവര്‍ക്ക് വിറ്റതായും ആരോപണമുയര്‍ന്നു. മൂന്നുമാസം മുമ്പ് ഭരണകക്ഷിയുടെ ഒത്താശയോടെ റീസര്‍വേ നടത്തുകയും അളന്നുതിരിച്ച 30 ഏക്കറോളം പതിച്ചുനല്‍കിയ സ്ഥലം തന്നെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് കൈമാറാനുള്ള ശ്രമങ്ങളും നടക്കുന്നതായും ആരോപണമുണ്ട്. ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് നിരവധി കുടുംബങ്ങള്‍ ജില്ലാ കലക്ടര്‍ക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഇതുവരെ ഒരു നടപടിയും എടുക്കാത്ത ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് പതിച്ചുനല്‍കിയ ഭൂമി മറിച്ചുനല്‍കാന്‍ നീക്കം നടത്തുന്നത്. പൊതുവിഭാഗത്തിനും മിച്ചഭൂമി നല്‍കിയിരുന്നു. ഏക്കര്‍കണക്കിന് സ്വത്തുള്ളവരും ആദിവാസി ഭൂമി കൈയേറിയവരുടെ കൂട്ടത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്.

RELATED STORIES

Share it
Top