ആദിവാസികളെ പഠിപ്പിക്കാന്‍ ആദിവാസികള്‍; ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സാമൂഹികസാക്ഷരതാ പരിശീലനം

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍  നടത്തിവരുന്ന സമഗ്ര ആദിവാസി സാക്ഷരതാപദ്ധതിയുമായി ബന്ധപ്പെട്ട് 350 ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹിക സാക്ഷരതാ പരിശീലന പരിപാടി ഇന്നും നാളെയും തിയ്യതികളില്‍ തലസ്ഥാന നഗരിയില്‍ നടക്കും.
ഇന്‍സ്ട്രക്ടര്‍മാര്‍ മുഴുവന്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. മാര്‍ച്ച് 24ന് പകല്‍ 12ന് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. സാക്ഷരതാമിഷന്‍ പുതുതായി ആരംഭിച്ച “സമഗ്ര’ ആദിവാസി സാക്ഷരതാപദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 100 ആദിവാസി ഊരുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇന്‍സ്ട്രക്ടര്‍മാര്‍, നിലവില്‍ സാക്ഷരതാമിഷന്‍ നടത്തിവരുന്ന അട്ടപ്പാടി, വയനാട് പ്രത്യേക ആദിവാസി സാക്ഷരതാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്കാണ് സാമൂഹിക സാക്ഷരതാ പരിശീലനം നല്‍കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാമൂഹിക സാക്ഷരതാ പരിശീലന പരിപാടിയില്‍ നിയമം, സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ലിംഗസമത്വം, കൃഷി, തൊഴില്‍, മാധ്യമം, സിനിമ, സാഹിത്യം, മതനിരപേക്ഷത, വികസനം, വീട്, ഭക്ഷണം, വ്യവസായം, ജനാധിപത്യം എന്നീ 17 വിഷയങ്ങളിലായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും. “ഭരണഘടനാ മൂല്യങ്ങളും പൗരജീവിതവും, “നവോത്ഥാന ധാരകള്‍’, “സര്‍ക്കാരിന്റെ ആദിവാസി ക്ഷേമപദ്ധതികള്‍’, “നവകേരളവും ആദിവാസി സമൂഹവും’ എന്നീ നാലു വിഷയങ്ങളിലായി അതാതു മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും ഉണ്ടാകും. സമഗ്ര ആദിവാസി സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ നൂറു കോളനികളിലും ഏപ്രില്‍ മാസത്തില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ ഡോ. പിഎസ് ശ്രീകല അറിയിച്ചു.

RELATED STORIES

Share it
Top